ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി, ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Sunday 24 May 2026 11:23 AM IST

കാസർകോട്: ഭർത്താവിന്റെ വീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് മരിച്ചു. കാസർകോട് പാണത്തലയിൽ ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. ഫാത്തിമത്ത് സുഫൈദയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദമ്പതികൾക്ക് രണ്ടുമാസം പ്രായമുള്ള കുഞ്ഞുണ്ട്. തിങ്കളാഴ്ച വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ദാരുണ സംഭവം ഉണ്ടായത്.

ഭർതൃവീട്ടുകാരുടെ പീഡനംമൂലമാണ് യുവതി ആത്മഹത്യചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്. സ്വർണം ആവശ്യപ്പെട്ട് നിരന്തരപീഡനം ഉണ്ടായെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഫൈദയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തിയിരുന്നു. ഇതിന്റെ പേരിൽ ഭർതൃവീട്ടിൽ പ്രശ്നമായി. വീട്ടിലേക്ക് പോയാൽ തിരിച്ചുവരേണ്ടെന്ന് ഭർത്താവ് പറഞ്ഞുവത്രേ.ഇതിനുപിന്നാലെയാണ് സുഫൈദ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ചത്. ഇതുകണ്ടിട്ടും സുഫൈദയെ ആശുപത്രിയിൽ എത്തിക്കാതെ ശാപവാക്കുകൾ ചൊരിഞ്ഞ് ഭർതൃവീട്ടുകാർ മാറി നിൽക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

നേരത്തേ സ്വർണത്തിന്റെ പേരിൽ വഴക്കുകൂടുന്നതിനിടെ സുഫൈദയുടെ ഫോൺ എറിഞ്ഞുപൊട്ടിച്ചതായും മർദ്ദനത്തെക്കുറിച്ച് പുറത്താരും അറിയാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും ആരോപണമുണ്ട്. കാസർകോട് മിംസ് ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. ആർഡിഓ അടക്കമുളളവർ സ്ഥലത്തെത്തിയിരുന്നു.