കോഴിക്കോട് വീണ്ടും ഷിഗല്ല; രണ്ടു കുട്ടികൾ ചികിത്സയിൽ,​ആരോഗ്യനില തൃപ്തികരം

Sunday 24 May 2026 4:08 PM IST

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള കുട്ടികൾക്കാണ് ഷിഗല്ല ബാധയുണ്ടായത്. ലക്ഷണങ്ങളുണ്ടായതോടെ ഇരുവരേയും പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പഞ്ചായത്തും ആരോഗ്യവകുപ്പും പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നേരത്തേ കോഴിക്കോട്ടെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ വ്യാപകമായി ഷിഗല്ല രോഗം പടർന്നിരുന്നു. രോഗം ബാധിച്ച് ഇവിടെ ഒരു കുട്ടി മരണപ്പെട്ടിരുന്നു.