അഭിനയ വിസ്മയത്തിന് വീണ്ടും ഡോക്ടറേറ്റ്; എംജി സർവകലാശാലയുടെ ബഹുമതി ഏറ്റുവാങ്ങി മമ്മൂട്ടി

Monday 25 May 2026 12:30 PM IST

കോട്ടയം: നടൻ മമ്മൂട്ടി ഉൾപ്പടെയുള്ളവർക്ക് എംജി സർവകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം കെെമാറി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് താരത്തിന് ബഹുമതി സമ്മാനിച്ചത്. മന്ത്രി റോജി എം.ജോൺ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മമ്മൂട്ടിയെ കൂടാതെ നാഗസ്വര വിദ്വാൻ തിരുവിഴ ജയങ്കറിനും വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ.എൻ. രാധാകൃഷ്ണ‌നും ഓണററി ഡോക്ടറേറ്റ് നൽകി. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ട‌ർ ഓഫ് ലെറ്റേഴ്‌സ് ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ട‌ർ ഓഫ് സയൻസ് ബിരുദവുമാണ് നൽകിയത്.

കല, സാംസ്കാരിക, വൈദ്യശാസ്ത്ര രംഗങ്ങളിലെ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തിയാണ് സർവകലാശാല ഈ പ്രതിഭകൾക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.