'നീതിക്കുപോലും മതം തടസമാണോ?' മുനമ്പം ഭൂമി പ്രശ്നത്തിൽ വഖഫ് ബോർഡിനും സർക്കാരിനുമെതിരെ ദീപിക
കൊച്ചി: വഖഫ് ഭൂമി തർക്കങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ച് കത്തോലിക്ക മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനമാണ് മുഖപ്രസംഗത്തിലുള്ളത്.
തങ്ങളുടേതെന്ന് തോന്നുന്ന ഏത് സ്വത്തും വഖഫ് നിയമങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്താൻ സാധിക്കുന്ന വഖഫ് വകുപ്പുകൾ രാജ്യത്തിന്റെ മതേതര ഘടനയ്ക്ക് വലിയ ഭീഷണിയാണെന്നും മുഖപ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വഖഫ് ബോർഡിന്റെ ഈ നീക്കം മുനമ്പത്തെ 610 കുടുംബങ്ങളെയും മതേതര കേരളത്തെയും പരസ്യമായി വെല്ലുവിളിക്കുന്നതാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം 10 മിനിറ്റുകൊണ്ട്' പരിഹരിക്കാമെന്ന് വി.ഡി. സതീശൻ നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ചുള്ള മുഖപ്രസംഗത്തിൽ കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലും റദ്ദാക്കിയ സർക്കാർ നടപടിയെയും പരാമർശിച്ചു. നീതിക്കുപോലും മതം തടസമാണോ എന്ന് ചോദിച്ച മുഖപ്രസംഗത്തിൽ സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെന്നും കൂട്ടിച്ചേർത്തു.
മുനമ്പത്ത് സ്ഥാപിച്ചിരിക്കുന്ന വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്ത മുഖപ്രസംഗത്തിൽ പ്രദേശവാസികൾക്ക് നീതി ലഭിക്കുന്നതുവരെ ജനങ്ങൾ കടപ്പുറത്ത് സമരരംഗത്തുണ്ടാകുമെന്നും വ്യക്തമാക്കി. 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനമ്പത്തുകാർക്ക് അനുകൂലമായിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.
വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്നും അതുവരെ 10 മിനിറ്റ് വാഗ്ദാനമഴ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ലെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി.