
കൊച്ചി: ആഡംബര കാറിൽ പാഞ്ഞ് ജീവനെടുക്കുന്ന സമ്പന്നകുമാരന്മാരെ പിടിച്ചുകെട്ടുന്നതിൽ നിയമം വീണ്ടും തോറ്റു. ഇന്നലെ തട്ടുകട നടത്തി കുടുംബം പോറ്റിവന്ന പാവപ്പെട്ടവന്റെ ജീവനെടുത്തത് ഒരു ന്യായാധിപന്റെ പ്രായപൂർത്തിയാകാത്ത മകൻ. ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട് റോഡിൽ കോടീശ്വരനായ വസ്ത്രവ്യാപാരിയുടെ മകൻ സുഹൈൽ സജീവ് മദ്യലഹരിയിൽ മിനികൂപ്പർ കാറിൽ പാഞ്ഞ് മൂന്നു വിദ്യാർത്ഥികളുടെ ജീവനെടുത്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് ഇന്നലെ പുലർച്ചെ കണ്ടെയ്നർ റോഡിലെ ദുരന്തം.
രണ്ടിടത്തും സ്കൂട്ടറുകളുടെ പിന്നിൽ അമിതവേഗത്തിൽ കാറിടിച്ചായിരുന്നു അപകടം. പാർട്ട്ടൈം ജോലി ചെയ്ത് പഠിച്ചുവന്ന വയനാട് സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (21), കൂർഗ് സ്വദേശി ഇയാസ് (21) എന്നിവരാണ് എയർപോർട്ട് റോഡിൽ കൊല്ലപ്പെട്ടത്. ഇന്നലെ കണ്ടെയ്നർ റോഡിൽ ബെൻസ് കാർ പായിച്ചെത്തിയ അഡി. ജില്ലാ ജഡ്ജിയുടെ 17കാരൻ മകൻ ഇല്ലാതാക്കിയതും പാവപ്പെട്ട ഒരു കുടംബത്തിന്റെ അത്താണിയായ ജയബാലകൃഷ്ണനെ(57)യാണ്. മിനി കൂപ്പർ അപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവും മൂന്നു സുഹൃത്തുക്കളും കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിലാണ്. ഇവരുടെ ജാമ്യഹർജി ഇന്ന് എറണാകുളം സെഷൻസ് കോടതി പരിഗണിക്കും. ഈ കേസിൽ മനഃപൂർവമായ നരഹത്യാകുറ്റം ചുമത്തിയിരുന്നു.
ദരിദ്രകുടുംബത്തിന്റെ അത്താണി
ചിറ്റൂർ ക്ഷേത്രത്തിന് സമീപമാണ് ആന്ധ്ര പശ്ചാത്തലമുള്ള ജയബാലകൃഷ്ണന്റെ തറവാട്. ഡിഗ്രി പാസായ ശേഷം പല ജോലികൾക്ക് ശേഷമാണ് 27 വർഷം മുമ്പ് തട്ടുകട തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും മാഞ്ഞാലിയിൽ സ്ഥലം വാങ്ങി വീടു പണിതു. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി ബിന്ദുവിനെ പ്രേമിച്ചാണ് ജീവിതസഖിയാക്കിയത്. സൗമ്യമായി പെരുമാറുന്ന, ആരോടും കലഹിക്കാത്ത ജയബാലകൃഷ്ണനെക്കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നല്ലത് മാത്രമേ പറയാനുള്ളൂ. ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുള്ള അദ്ദേഹം അതൊരു വരുമാനമാർഗമാക്കിയില്ല. രണ്ട് ആൺമക്കൾ ഓട്ടോയോടിച്ചും പിതാവിനെ സഹായിച്ചുമാണ് മുന്നോട്ടുപോകുന്നത്. മകൾ ഭദ്രകീർത്തിക്ക് രണ്ടു മാസം മുമ്പാണ് തമിഴ്നാട് സർക്കാരിന്റെ ജോലി ലഭിച്ചത്.
ഡ്രൈവിംഗ് പഠിച്ചത് യൂട്യൂബിലൂടെ
ഡ്രൈവിംഗ് പഠിച്ചത് യൂ ട്യൂബിലൂടെയാണെന്ന് 17കാരൻ പൊലീസിനോടു പറഞ്ഞു. മാതാപിതാക്കൾ അറിയാതെ അർദ്ധരാത്രി ഓടിച്ചിരുന്നെന്ന വാക്കുകൾ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലെങ്കിലും കൂടുതൽ ചോദ്യം ചെയ്യാൻ മുതിർന്നില്ല.
ഉറക്കമില്ലാത്ത ജീവിതം, അന്ത്യവും റോഡരികിൽ
പറവൂർ: റോഡരികിൽ ഉറക്കമിളച്ച് തട്ടുകട നടത്തി ഉപജീവനം കണ്ടെത്തിയ ജയബാലകൃഷ്ണന്റെ അന്ത്യവും റോഡിൽ തന്നെയായി. രണ്ട് മക്കളുടെ പഠന സൗകര്യത്തിനായി എട്ട് വർഷം മുമ്പാണ് ചിറ്റൂരിൽ നിന്ന് ജയബാലകൃഷ്ണനും കുടുംബവും മാഞ്ഞാലി താമരമുക്കിൽ വാടകയ്ക്ക് താമസമാക്കിയത്. മൂത്തമകൻ മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിലും മകൾ യു.സി കോളേജിലുമായിരുന്നു പഠനം.
പിന്നീട് സമീപത്തെ വീട് സ്വന്തമായി വാങ്ങി. ഈ ബാദ്ധ്യത മൂലം, രാത്രി വരെ നടത്തിയിരുന്ന തട്ടുകട വൈകിട്ട് മുതൽ പുലർച്ചെ രണ്ട് വരെയാക്കി. സഹായത്തിനായി ഭാര്യ ബിന്ദുവും പോകും. അമ്മ പോകാത്ത ദിവസങ്ങളിൽ അച്ഛനെ സഹായിക്കാൻ മകൻ ഭരത് ശങ്കറും കൂടാറുണ്ട്. ശനിയാഴ്ച രണ്ടുപേരും പോയിരുന്നില്ല.
പുലർച്ചെ നാലോടെ വീട്ടിലെത്തുന്ന ജയബാലകൃഷ്ണന്റെ ഉറക്കം ഏതാനും മണിക്കൂർ മാത്രമാണ്. ബാക്കിയുള്ള സമയത്തെല്ലാം നാട്ടുകാരുമായി നല്ല സൗഹൃദവും പുലർത്തി. ജയബാലകൃഷ്ണന്റെ മരണവാർത്ത നാടിനെ നടുക്കി. അവസാനമായി കാണാനായി രാവിലെ മുതൽ നാട്ടുകാർ വീടിന് മുന്നിൽ കാത്തുനിന്നു.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് മൂന്നോടെയാണ് മൃതദേഹം മാഞ്ഞാലിയിലെ വീട്ടിൽ കൊണ്ടുവന്നത്. ഹൈദരാബാദിലായിരുന്ന മകൾ വീട്ടിലെത്തിയ ശേഷം മരണാനന്തര കർമ്മങ്ങൾക്കും സംസ്കാരത്തിനുമായി ചിറ്റൂരിലെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ.മുജീബ് തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.