അത് ഞാനല്ല, എഐ നിർമ്മിതം; ഡീപ്ഫേക്ക് ചിത്രങ്ങളിൽ നിയമനടപടിയുമായി രുക്മിണി വസന്ത്

Sunday 24 May 2026 2:52 PM IST

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണെന്ന് യുവനടി രുക്മിണി വസന്ത്. ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുംതാരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.വിഷയത്തിൽ കുറ്റക്കാർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും താരം അറിയിച്ചു.

ഒരു സ്വിമ്മിങ് പൂളിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ എന്ന രീതിയിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചത്. വീഡിയോയിലുള്ളത് രുക്മിണി വസന്ത് ആണെന്ന തരത്തിലായിരുന്നു പ്രചാരണം. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിനെതിരെ താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുന്നതിൽ നിന്നും അതിനോട് പ്രതികരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും നടി ആരാധകരോട് അഭ്യർത്ഥിച്ചു.

തന്റെ ലീഗൽ ടീമുമായി ചേർന്ന് ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും വ്യാജ ചിത്രങ്ങൾ നിർമ്മിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. കാന്താര ചാപ്റ്റർ 1 ആണ് രുക്മിണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജൂനിയർ എൻടിആറിനൊപ്പമുള്ള ഡ്രാഗൺ, കെജിഎഫ് താരം യാഷിനൊപ്പമുള്ള ടോക്സിക് എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.