ലഹരിക്കെതിരെ കൊടുങ്കാറ്റ്
ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പോരാട്ടത്തിന് പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുകയാണ്. പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുന്ന ജൂൺ ഒന്ന് മുതൽ മയക്കുമരുന്നിനെ വേരോടെ നശിപ്പിക്കാൻ ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട് എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ചാവും പൊലീസ് പദ്ധതി നടപ്പിൽ വരുത്തുക.
കുട്ടികളെ ലഹരിക്കടിമകളാക്കുന്ന സംഘങ്ങളെയാവും പ്രധാനമായും ഈ പദ്ധതിയിലൂടെ ഇല്ലാതാക്കാൻ ശ്രദ്ധിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി അറിയിക്കുകയുണ്ടായി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാവും. ലഹരി മാഫിയയുടെ വേരുകൾ അന്യസംസ്ഥാനങ്ങളിലേക്കും പടർന്നു കിടക്കുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചാവും പദ്ധതി മുന്നോട്ട് കൊണ്ടുപോവുക. നിലവിൽ രാസലഹരി ഉപയോഗത്തിൽ മൂന്നാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ ഇവിടെ പിടിക്കപ്പെടുന്നവരിൽ കൂടുതലും ലഹരി മാഫിയയിലെ ഇടനിലക്കാരായ കണ്ണികൾ മാത്രമാവും.
പല കാരണങ്ങളാലും സാങ്കേതികവും നിയമപരവുമായ തടസങ്ങളാലും അന്വേഷണം ലഹരിയുടെ മൊത്തവിതരണക്കാരായ തലവന്മാരിലേക്ക് എത്താറില്ല. അതുകൊണ്ടാണ് ലഹരിക്കേസുകളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടും രാസലഹരിയുടെ ലഭ്യതയും ഉപയോഗവും കുറയാത്തത്. സമൂഹത്തിൽ സ്വാധീനശേഷിയും സമ്പത്തുമുള്ളവരുടെ സംരക്ഷണത്തിലാവും പലപ്പോഴും സംഘം ചേർന്ന മയക്കുമരുന്ന് പാർട്ടികൾ കായലിലും കടലിലും പഞ്ചനക്ഷത്ര ഹോട്ടലിലുമൊക്കെ നടക്കുക എന്നതിനാൽ ഇത് തടയുന്നത് സാധാരണ പൊലീസ് നടപടികൾ കൊണ്ട് സാദ്ധ്യമാകുന്നതല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിൽ പഴുതുകളടച്ച നീക്കങ്ങളിലൂടെ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ റെയ്ഡുകൾ പോലും നടത്താൻ കഴിയൂ.
അതുപോലെ തന്നെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമാകുന്ന പൊലീസ് ഉദ്യോഗസ്ഥർ മികച്ച ട്രാക്ക് റെക്കാഡ് ഉള്ളവരായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുൻകാലങ്ങളിൽ റെയ്ഡിന്റെ വിവരങ്ങൾ പൊലീസ് കേന്ദ്രങ്ങളിൽ നിന്നു തന്നെ ചോർന്നിട്ടുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് ഈ ഓപ്പറേഷന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ മറക്കാൻ പാടില്ല. ഭാവിതലമുറയെ കരുതിയുള്ള ആഭ്യന്തര വകുപ്പിന്റെ ഈ നീക്കം വിജയിപ്പിക്കേണ്ടത് പൊലീസിന്റെ മാത്രം ഡ്യൂട്ടിയായി കണക്കാക്കാനാവില്ല. പൊലീസിനൊപ്പം ലഹരിമരുന്നുകളുടെ നീക്കങ്ങളെക്കുറിച്ച് സൂചന നൽകാൻ നാട്ടിലെ യുവജനങ്ങളും തയ്യാറാകണം. അങ്ങനെ വരുമ്പോൾ ഇതൊരു ജനകീയ പദ്ധതിയായി മാറുകയും അതുവഴി രാസലഹരിയുടെ വഴികൾ അടയപ്പെടുകയും ചെയ്യും.
രാസലഹരി ഉപയോഗിച്ചയാളെ പരിശോധിച്ച് തിട്ടപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക ഉപകരണങ്ങൾ ആവശ്യമാണെങ്കിൽ അതും ഉറപ്പാക്കാനുള്ള നടപടികൾ ഈ പദ്ധതിയുടെ വിജയത്തിന് ആവശ്യമാണ്. അതോടൊപ്പം തന്നെ രാസലഹരിയിൽ നിന്ന് മുക്തി നേടുന്നതിനുള്ള പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കേണ്ടതാണ്. അതിന് ആരോഗ്യ വകുപ്പിന്റെ സഹകരണവും ആവശ്യമാണ്. സമൂഹത്തിന്റെ മറ്റെല്ലാ നേട്ടങ്ങളും ഇല്ലാതാക്കാൻ പോകുന്ന രാസലഹരി എന്ന ഈ മാരക വിപത്ത് തടയാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കം വിജയിപ്പിക്കേണ്ടത് ഓരോ നാട്ടുകാരന്റെയും കൂടി കടമയാണ്. കൊള്ളപ്പലിശക്കാരെ തടയുന്നതിനുള്ള 'ഓപ്പറേഷൻ കുബേര' വിജയിപ്പിച്ച ചരിത്രമുള്ള ആഭ്യന്തര മന്ത്രിക്ക് ഓപ്പറേഷൻ തൂഫാനും പ്രാപ്തിയോടെ വിജയിപ്പിക്കാനാകുമെന്ന് കരുതാം.