യുവതിയുടെ ആത്മഹത്യ: ഭർത്താവിന്റെ തടവുശിക്ഷ മരവിപ്പിച്ചു

Friday 15 May 2026 1:53 AM IST

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ തടവുശിക്ഷ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചു. കളമശേരി മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് യു.സി. കോളജ് കടേപ്പിള്ളി റോഡിലെ അറഫ വില്ലയിൽ അരുണിന് പറവൂർ അഡിഷണൽ സെഷൻസ് കോടതി വിധിച്ച എട്ട് വർഷത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം മരവിപ്പിച്ചത്. വിചാരണക്കോടതി വിധിച്ച പിഴത്തുകയും, ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റ് രണ്ട് പേരുടെയും ബോണ്ടും കെട്ടിവയ്‌ക്കണമെന്ന ഉപാധിയോടെയാണ് ഉത്തരവ്. 2014-ൽ വിവാഹിതയായ സുനിത കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള ശാരീരിക -മാനസിക പീഡനത്തിന് നിരന്തരം ഇടയായെന്നും തുടർന്ന് 2018 സെപ്തംബറിൽ ആത്മഹത്യ ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ രണ്ടാം പ്രതിയായ ഭർതൃമാതാവ് ലൈലാ ബീവിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. പ്രതിയുടെ അപ്പീലിൽ പിന്നീട് വിശദവാദം കേൾക്കും.