ഭാര്യയെയും ബന്ധുക്കളെയും ആക്രമിച്ച യുവാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
കുളത്തൂർ : കുടുംബവഴക്കിനെ തുടർന്ന് ഭാര്യ വീട്ടിലെത്തി ആക്രമണം നടത്തി ഭാര്യയെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തുഷാജി (30), ചാക്ക ഐ.ടി.ഐയ്ക്ക് സമീപം പുതുവൽവീട്ടിൽ അനു (34), വിളപ്പിൽശാല ചേവല്ലൂർ കിണറ്റുവിള വീട്ടിൽ ശങ്കർ (44) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തുഷാജിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. അനന്തുഷാജിയുടെ ഭാര്യ കുഴിവിള പുല്ലുകാട് ശ്രീലക്ഷ്മി നിലയത്തിൽ അർച്ചന (24), സഹോദരി അശ്വതി (24), മാതാപിതാക്കളായ ബിന്ദു (52), അനിൽകുമാർ (56) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് ഏതാനും മാസമായി അർച്ചന കുടുംബ വീട്ടിലായിരുന്നു താമസം. തിരികെ വരണമെന്ന അനന്തുവിന്റെ ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ അനന്തു, അർച്ചനയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച അനിൽകുമാറിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. മറ്റ് കുടുംബാംഗങ്ങളെ കത്തിയും കമ്പിവടിയും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. എട്ടോളം ക്രിമിനൽ കേസിലെ പ്രതിയാണ് അനന്തു ഷാജിയെന്ന് പൊലീസ് പറഞ്ഞു.