കുളത്തുമണ്ണിൽ പശുവിനെ പുലി കൊന്നുതിന്നു

Thursday 14 May 2026 12:04 AM IST

കോന്നി: തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു. അരുവാപ്പുലം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലെ കുളത്തുമൺ കുറ്റിക്കാട്ട് മുരുപ്പിൽ അക്കാക്കുഴി സുജയുടെ പശുവിനെയാണ് ചൊവ്വാഴ്ച രാത്രി പുലി പിടിച്ചത്. പശുവിന്റെ ശരീരഭാഗങ്ങളെല്ലാം തിന്നു. രാത്രി വളർത്തു നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് കേട്ടെങ്കിലും ഭയം മൂലം പുറത്തിറങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. വനപാലകർ പരിശോധന നടത്തി പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. സമീപത്തുനിന്ന് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനമേഖലയോട് ചേർന്ന് ജനവാസ മേഖലയായ കുളത്തുമണ്ണിൽ പുലി നേരത്തെ നിരവധി തവണ വളർത്തുമൃഗങ്ങളെ കൊന്നിട്ടുണ്ട്. ഇന്നലെ പശുവിനെ പുലി പിടിച്ച സ്ഥലത്തിന് സമീപത്തെ റബർ തോട്ടങ്ങളിൽ അടിക്കാടുകൾ വളർന്നുനിൽക്കുന്നത് ഭീഷണിയായി മാറുകയാണ്.