ആയിപ്പുഴ കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം

Monday 04 May 2026 10:58 PM IST

തലശ്ശേരി: മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിപ്പുഴയിൽ സി.എച്ച് സഹീറിനെ (25) കുത്തികൊലപ്പെടുത്തുകയും തടയാനെത്തിയ സി.എച്ച് ഷഹീറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം വിധി വന്നത്. കൊലപാതകം, കൊലപാതകശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ.

ഒന്നാം പ്രതി നാസർ അക്കരമ്മലിനെ (59) ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും പുറമെ, കൊലപാതകശ്രമത്തിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. മാരകമായി പരിക്കേൽപ്പിച്ചതിന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും അന്യായമായി തടഞ്ഞുവച്ചതിന് ഒരു മാസത്തെ തടവും ഒന്നാം പ്രതി അനുഭവിക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

രണ്ടാം പ്രതി ബഷീർ കീത്താടത്തിന് (51) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൊലപാതകശ്രമത്തിനും മാരകമായി പരിക്കേൽപ്പിച്ചതിനും പത്ത് വർഷം വീതം കഠിനതടവും യഥാക്രമം 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ പിഴയും നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. രണ്ട് പ്രതികളും ശിക്ഷകൾ ഒന്നിച്ച് ജീവപര്യന്തമായി അനുഭവിച്ചാൽ മതി.

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കേസിലെ മൂന്നാം പ്രതി പട്ടാന്നൂർ സ്വദേശി ഹനീഫ വളപ്പിനകത്ത് (57) എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. മട്ടന്നൂർ ഇൻസ്‌പെക്ടറായായിരുന്ന എ.വി ജോൺ കുറ്റപത്രം സമർപ്പിച്ച കേസിൽ അഡീഷണൽ പ്രൊസിക്യൂട്ടർ എ. രേഷ്മ ഹാജരായി.