കാലവർഷം: മുൻകരുതലുമായി എൻ.ഡി.ആർ.എഫ് ജില്ലയിലെത്തി

Friday 22 May 2026 2:48 AM IST

കൊച്ചി: സംസ്ഥാനത്ത് 26ഓടെ കാലവർഷം എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.) ജില്ലയിലെത്തി. ചെന്നൈ അറക്കോണം ആസ്ഥാനമായുള്ള എൻ.ഡി.ആർ.എഫിന്റെ നാലാം ബറ്റാലിയനിലെ 33 അംഗ സംഘമാണ് എത്തിയത്. ഇൻസ്‌പെക്ടർ എക്സിക്യുട്ടീവ് അരുൺ കുമാർ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മൂന്ന് വനിതകളുമുണ്ട്.

കാക്കനാട് സിവിൽ സ്റ്റേഷനിൽ സേനാംഗങ്ങൾ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി പ്രകൃതിദുരന്ത സാദ്ധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി രക്ഷാപ്രവർത്തനത്തിനുള്ള പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.

എൻ.ഡി.ആർ.എഫ്

പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി 2006ൽ രൂപീകരിച്ച പ്രത്യേക സേന. പത്ത് വർഷത്തിലേറെയായി കേരളത്തിൽ സേവനം ലഭ്യമാക്കാറുണ്ട്.