മൊബൈൽ നഷ്ടപ്പെടുമെന്ന പേടി വേണ്ട, ഒപ്പമുണ്ട് പൊലീസ്
മാന്നാർ: ബാങ്ക് ഇടപാടുകൾ മുതൽ വിലപ്പെട്ട രേഖകൾ വരെ സൂക്ഷിച്ചിട്ടുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലുളള അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എവിടെയെങ്കിലും വച്ച് ഫോൺ മറന്നു പോകുകയോ, വീണുപോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്തേക്കാം. തിരികെ കിട്ടുക എന്നതിനപ്പുറം ഫോണിലെ വിവരങ്ങൾ ചോർത്തുമോ എന്ന പേടിയാണ് മിക്കവർക്കും.
എന്നാൽ, ഇനി ആ ഭയം വേണ്ട. ഫോൺ നഷ്ടപ്പെട്ടാൽ ഒപ്പമുണ്ടാകും എന്നാണ് മാന്നാർ പൊലീസ് തെളിയിച്ചിരിക്കുന്നത്.
ഒരു വർഷംമുമ്പ് നഷ്ടപ്പെട്ടതുൾപ്പെടെ ആറോളം ഫോണുകളാണ് മാന്നാർ പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറിയത്. ഉടമസ്ഥരെ മാന്നാർ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചെങ്ങന്നൂർ ഡി വൈ.എസ്.പി ജെ.സന്തോഷ് കുമാർ വീണ്ടെടുത്ത ഫോണുകൾ കൈമാറി. മാന്നാർ എസ്.എച്ച്.ഒ എസ്.വി ബിജു, എസ്.ഐ ഷൈജ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഫോണുകൾ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങങ്ങളെക്കുറിച്ചും ഡി.വൈ.എസ്.പി വിശദീകരിച്ചു. നഷ്ടപ്പെട്ട ഫോൺ മറ്റാരും ഉപയോഗിക്കാതിരിക്കാനും, അത് ട്രാക്ക് ചെയ്ത് കണ്ടെത്താനും കേന്ദ്ര സർക്കാരിന്റെ സിഇഐആർ പോർട്ടലിന്റെ സഹായം തേടാം.
ബ്ലോക്ക് ചെയ്യാം,
വരുതിയിലാക്കാം
ആദ്യം നഷ്ടപ്പെട്ട ഫോൺ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രസീത് വാങ്ങുക. സിഇഐആർ പോർട്ടൽ എന്ന വെബ്സൈറ്റ് തുറന്ന് 'ബ്ളോക്ക് സ്റ്റോളൻ/ലോസ്റ്റ് മൊബൈൽ' എന്നതിൽ ക്ലിക്ക് ചെയ്ത് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ, പൊലീസ് പരാതി രസീത് എന്നിവ നൽകി ഫോൺ ബ്ലോക്ക് ചെയ്യുക. ഇതോടെ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് ആകും. ആ ഫോണിൽ പുതിയ സിം ഇട്ട് ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാലും അത് നടക്കില്ല. നെറ്റ് വർക്ക് സർവീസ് ലഭിക്കില്ല, കോൾ ചെയ്യാനും കഴിയില്ല. എന്നുമാത്രമല്ല, ആ ഫോണിൽ മറ്റൊരു സിം ഇടുമ്പോൾ ആ സിം നമ്പർ പൊലീസിന് ലഭിക്കുകയും അത് ഉപയോഗിച്ച് ഫോൺ കണ്ടെത്തുകയും ചെയ്യാം. ഫോൺ തിരികെ കിട്ടിയാൽ ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് നീക്കം ചെയ്ത് ഉടമയ്ക്ക് നൽകാൻ കഴിയുമെന്നും ചെങ്ങന്നൂർ ഡി.വൈ.എസ്.പി വിശദീകരിച്ചു