തുറവൂർ–തൈക്കാട്ടുശ്ശേരി റോഡിൽ നടപ്പാത കൈയേറി കച്ചവടം

Saturday 23 May 2026 8:27 AM IST

തുറവൂർ: തുറവൂർ–തൈക്കാട്ടുശ്ശേരി റോഡിന്റെ ഇരുവശത്തെയും നടപ്പാത കൈയേറിയുള്ള വഴിവാണിഭം കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. തിരക്കേറിയ ഈ റോഡിന്റെ ഇരുവശങ്ങളിലും അനധികൃത കച്ചവടം വ്യാപിച്ചതോടെ,​ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. തുറവൂർ ജംഗ്ഷന്റെ കിഴക്കുഭാഗത്തുള്ള പച്ചക്കറിക്കട ഉൾപ്പെടെ ചില വ്യാപാരസ്ഥാപനങ്ങൾ ഫുട്പാത്തും റോഡിന്റെ ഭാഗവും കൈയേറി പ്രവർത്തിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുകാരണം കാൽനട,​ വാഹനയാത്രികർ സഞ്ചാരം ഒരുപോലെ ദുഷ്കരമായിരിക്കുകയാണ്.

സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരാണ് ഇതുകാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ടി വരുന്നതിനാൽ അപകടസാദ്ധ്യതയും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാൽനടയാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുകയും ചെയ്തു.

പരാതികൊണ്ട് ഫലമില്ല

പലതവണ പൊലീസിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പരാതികൾ ഉയരുമ്പോൾ ഉദ്യോഗസ്ഥർ എത്തി താത്കാലികമായി സാധനങ്ങൾ നീക്കം ചെയ്യിപ്പിക്കാറുണ്ടെങ്കിലും, അവർ മടങ്ങിയതിന് തൊട്ടുപിന്നാലെ പഴയപടിയിലേക്ക് കച്ചവടം വ്യാപിക്കുന്നതാണ് പതിവെന്നും പ്രദേശവാസികൾ പറയുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ചിലരുടെ ഒത്താശയും കാരണമാണ് ഇത്തരം കൈയേറ്റങ്ങൾ തുടരുന്നതെന്നാണ് നാട്ടുകാരുടെ വിമർശനം. നടപ്പാത കൈയേറിയുള്ള കച്ചവടം അവസാനിപ്പിച്ച് കാൽനടക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.