എൻ.എൽ.സി തരാനുള്ള വൈദ്യുതി കുറഞ്ഞിട്ടും കെ.എസ്.ഇ.ബി ഇടപെട്ടില്ല

Tuesday 26 May 2026 12:22 AM IST

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതോൽപാദന കമ്പനിയായ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനിൽ നിന്ന് (എൻ.എൽ.സി) കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നില്ല.

കെ.എസ്.ഇ.ബി അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചു. വൈദ്യുതി ലഭ്യത പകുതിയോളം കുറഞ്ഞിട്ടും കെ.എസ്.ഇ.ബി ഇടപെട്ടില്ലെന്ന് റഗുലേറ്ററി കമ്മിഷൻ കുറ്റപ്പെടുത്തി.

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിർദ്ദേശിച്ച പ്രകാരം 2024-25 വർഷം 2001.14 ദശലക്ഷം യൂണിറ്റാണ് കേരളത്തിന് അർഹതപ്പെട്ട വിഹിതം. ലഭിച്ച വൈദ്യുതി 1184 ദശലക്ഷം യൂണിറ്റാണ്.

യൂണിറ്റിന് 4 രൂപയിൽ താഴെയാണ് എൻ.എൽ.സി വൈദ്യുതിയുടെ വില. ഇവിടെനിന്നുള്ള കുറവ് നികത്താൻ യൂണിറ്റിന് 7.50 രൂപ മുതൽ 10 രൂപവരെ നൽകി മറ്റ് ഉദ്പാദകരിൽനിന്ന് വാങ്ങി വിതരണം ചെയ്യുകയാണ് കെ.എസ്.ഇ.ബി. ഇതിന്റെ ബാദ്ധ്യത ഉപഭോക്താക്കളുടെ ബില്ലിൽ പ്രതിഫലിക്കുകയും ചെയ്യുന്നു.

കുറച്ചു വർഷങ്ങളായി കുറഞ്ഞ അളവിലാണ് വൈദ്യുതി തരുന്നത്. ലിഗ്‌നൈറ്റ് ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, യന്ത്രതകരാറുകൾ എന്നിവയടക്കം പലകാരണങ്ങളാണ് എൻ.എൽ.സി പറയുന്നത്.

കേന്ദ്ര ശ്രദ്ധയിൽ

കൊണ്ടുവരണം അർഹമായ വിഹിതം കിട്ടണമെന്ന ആവശ്യം സംസ്ഥാന സർക്കാർ വഴി കേന്ദ്ര ശ്രദ്ധയിൽകൊണ്ടുവരണമെന്ന് റഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചു. കെ.എസ്.ഇ.ബികൂടി അംഗമായ സതേൺ റീജ്യണൽ പവർ കമ്മിറ്റിയിൽ വിഷയം ഉന്നയിക്കാവുന്നതാണ്. ഈ കമ്മിറ്റിയിൽ എൻ.എൽ.സി, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി പ്രതിനിധികളും അംഗങ്ങളാണ്. സ്വീകരിച്ച നടപടികൾ ഒരുമാസത്തിനകം അറിയിക്കാനും കമ്മിഷൻ കെ.എസ്.ഇ.ബിയോട് നിർദ്ദേശിച്ചു.