പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ച് പോക്സോ കോടതി
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട വധശിക്ഷ. തൂത്തുക്കുടി പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി. കേസിൽ മുഖ്യ പ്രതിയായ ധർമ്മ മുനീശ്വരനെയാണ് കോടതി തൂക്കിലേറ്റാൻ വിധിച്ചത്. സംഭവം നടന്ന് 77 ദിവസങ്ങൾക്കകമാണ് കോടതി വിധി പ്രസ്താവിച്ചത്.
ഈ വർഷം മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടിലെ വിളാത്തികുളത്ത് പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെൺകുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള വിജനമായ വനപ്രദേശത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലൈംഗിക അതിക്രമം, കൊലപാതകം എന്നീ രണ്ട് കുറ്റങ്ങൾക്കും പ്രത്യേകമായിട്ടാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് സിസിടിവി ക്യാമറകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് രൂപീകരിച്ച 10 പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റ് പ്രദേശങ്ങളിലെ 98 സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. കൂടാതെ ടവർ ഡമ്പ് രീതിയിലൂടെ 2,574 ഫോൺ നമ്പറുകളും സൈബർ സംഘം നിരീക്ഷിച്ചു. ഒടുവിൽ പ്രദേശത്തെ കാറ്റാടിയന്ത്രത്തിലെ ക്യാമറയിൽ പതിഞ്ഞ സംശയാസ്പദമായ ഇരുചക്രവാഹനത്തിന്റെ ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച നിലയിലായിരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ വിചാരണ വേഗത്തിലാക്കാനും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി ജോസഫ് വിജയ് പൊലീസിനും അധികൃതർക്കും നിർദ്ദേശം നൽകിയ അതേദിവസം തന്നെയാണ് വിധി വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്ത്രീ സുരക്ഷയും ക്രമസമാധാനവും ടിവികെ സർക്കാർ പ്രധാന വിഷയമായി ഉയർത്തിക്കാട്ടിയിരുന്നു.