എക്‌സ് അക്കൗണ്ട് നീക്കി, കോക്രോച് ജനത പാർട്ടി ഡൽഹി ഹൈക്കോടതിയിൽ കരുതലോടെ സുപ്രീംകോടതി
പൊതുതാത്പര്യഹർജിയിൽ അടിയന്തര വാദംകേൾക്കലില്ല
ന്യൂഡൽഹി: കോക്രോച് ജനത പാർട്ടി(സി.ജെ.പി) തങ്ങളുടെ എക്‌സ് അക്കൗണ്ട് നീക്കിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് ഹർജി സമർപ്പിച്ചത്. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയുള്ള കേന്ദ്രസർക്കാരിന്റെ വിലക്കിനെ ചോദ്യംചെയ്‌തു. ആദ്യ അക്കൗണ്ട് നീക്കിയതിനു പിന്നാലെ മറ്റൊരു എക്‌സ് അക്കൗണ്ട് തുടങ്ങിയിരുന്നു.
അതേസമയം,സി.ജെ.പിക്കെതിരെ സമർപ്പിച്ച ഹർജിയിൽ കരുതലോടെയാണ് സുപ്രീംകോടതിയുടെ നീക്കങ്ങൾ. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിനു മുന്നിൽ ഇന്നലെ ഹർജിക്കാരനായ അഡ്വ. എൻ.കെ. ഗോസ്വാമി വിഷയമുന്നയിച്ചു. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ഓൺലൈൻ ക്യാമ്പയിനുകൾക്ക് ദുരുപയോഗിക്കുന്നു. സി.ജെ.പി ജുഡിഷ്യറിയെ അപകീർത്തിപ്പെടുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ,വിഷയത്തെ വികാരപരമായി കാണരുതെന്ന് സൂര്യകാന്ത് പരാതിക്കാരനെ സമാധാനിപ്പിച്ചു. ഇക്കാര്യത്തിൽ ധൃതിപിടിച്ചു വാദംകേൾക്കേണ്ട അടിയന്തര സാഹചര്യമൊന്നുമില്ലെന്നും വ്യക്തമാക്കി.
പാറ്റകൾ
തുടങ്ങിയിട്ടേയുള്ളൂ
യുവജനങ്ങളുടെ ആശങ്കകൾ വിളിച്ചുപറയാൻ സ്വതന്ത്രവും യുവജനങ്ങൾ നയിക്കുന്നതുമായ പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സി.ജെ.പി. കഴിഞ്ഞദിവസം സാമൂഹിക മാദ്ധ്യമങ്ങളിൽ ഇക്കാര്യം പോസ്റ്റ് ചെയ്‌തു. പാറ്റകൾ തുടങ്ങിയിട്ടേയുള്ളൂ. ചോദ്യപേപ്പർ ചോർച്ചകൾ,തൊഴിലില്ലായ്‌മ,സംവിധാനത്തിൽ ആരും ഉത്തരവാദിത്തമേൽക്കാത്ത സാഹചര്യം എന്നിവയിൽ നിരാശരായ യുവജനങ്ങളുടെ ശബ്‌ദമാകുകയാണ് ലക്ഷ്യം. പാറ്റകളാണ് ആത്യന്തികമായി അതിജീവിക്കുന്നത്. മതേതരത്വം,ജനാധിപത്യം,സാമൂഹിക നീതി എന്നിവയിലാണ് വിശ്വസിക്കുന്നത്. 2 കോടിയിൽപ്പരം വരുന്ന തങ്ങളുടെ ഇൻസ്റ്റാ ഫോളോവേഴ്സിൽ നിന്നടക്കം നിർദ്ദേങ്ങൾ ശേഖരിക്കും. മികച്ച ആശയങ്ങളെ സ്വീകരിച്ച് ക്യാമ്പയിൻ ആരംഭിക്കും.