ഒരു തവണ ഇന്ധനം നിറച്ചാല്‍ ഒമ്പത് മണിക്കൂര്‍ നിര്‍ത്താതെ പറക്കാം; A 321 XLR ആള് നിസാരനല്ല

Monday 25 May 2026 9:29 PM IST

ജിദ്ദ: അത്യാധുനിക നാരോ ബോഡി വിമാനമായ എയര്‍ബസ് എ 321 എക്‌സ്.എല്‍.ആര്‍ ഇനി സൗദി അറേബ്യക്കും സ്വന്തം. സൗദിയ എയര്‍ലൈന്‍സ് ആണ് പുതിയ വിമാനം വാങ്ങിയത്. ജിദ്ദ വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് വിമാനം എത്തിയത്. കിംഗ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. ഗള്‍ഫ്, ആഫ്രിക്കന്‍ മേഖലയില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു വിമാനം സര്‍വീസിന്റെ ഭാഗമാകുന്നത്.

ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 8,700 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഈ നാരോ ബോഡി വിമാനത്തിന് തുടര്‍ച്ചയായി ഒമ്പത് മണിക്കൂര്‍ വരെ പറക്കാനാകുമെന്നതാണ് സവിശേഷത. സൗദിയ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 2027 ഓടെ ആകെ 15 എ321എക്‌സ്.എല്‍.ആര്‍ വിമാനങ്ങള്‍ സര്‍വീസിന്റെ ഭാഗമാകും. രാജ്യത്തിന്റെ വിനോദസഞ്ചാരം, വിനോദം, കായികം എന്നീ മേഖലകളില്‍ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന 'വിഷന്‍ 2030' ദേശീയ പദ്ധതികള്‍ക്കും തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ വിമാനങ്ങള്‍ വലിയ പങ്കുവഹിക്കും.

2027ല്‍ രാജ്യം ആതിഥ്യം വഹിക്കാനിരിക്കുന്ന എഎഫ്‌സി എഷ്യന്‍ കപ്പ് ഫുട്‌ബോള്‍, 2034ലെ ഫിഫ ലോകകപ്പ് എന്നീ കായിക മേളകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികളെത്തുമ്പോള്‍ ഈ വിമാനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2030ലെ സൗദി എക്‌സ്‌പോയാണ് രാജ്യത്ത് നടക്കാനിരിക്കുന്ന മറ്റൊരു വലിയ ചടങ്ങ്.