ആലേങ്ങാട് ഭരത റോഡ് ഗതാഗതയോഗ്യമല്ലാതായി

Monday 25 May 2026 12:00 AM IST

കല്ലൂർ : കല്ലൂർ ആലേങ്ങാട് ഭരത ചെമ്പംകണ്ടം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. എറെ നാളത്തെ മുറവിളിയെ തുടർന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ച് പുനരുദ്ധരിച്ചെങ്കിലും കോൺക്രീറ്റ് ഇഷ്ടിക വിരിച്ച് നവീകരിച്ച റോഡ് ദിവസങ്ങൾക്കകം തകർന്ന് തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ട് മാസം മുമ്പ് വിരിച്ച ഇഷ്ടിക പൊളിച്ച് മറ്റി. പുതിയ ഇഷ്ടിക വിരിച്ച് റോഡ് പുനരുദ്ധരിക്കാനാണ് ഇഷ്ടിക പൊളിച്ച് മാറിയത്. നിലവാരമില്ലാത്ത ഇഷ്ടികകളും നിർമ്മാണത്തിലെ അപാകതയുമായിരുന്നു റോഡ് തകർച്ചയ്ക്ക് കാരണം. ഇഷ്ടികയ്ക്ക് നിലവാരമില്ലാത്തതിനാൽ വാഹനങ്ങൾ കയറി തുടങ്ങിയപ്പോൾ പൊടിയുകയായിരുന്നു. എന്നാൽ വീണ്ടും ഇഷ്ടിക വിരിച്ച് റോഡ് നവീകരിക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിലായി. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള എളുപ്പ വഴിയാണ് ഈ റോഡ്. രണ്ട് സ്വകാര്യ ബസുകൾ ഉൾപ്പടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ റോഡ് ഇതിനോടകം തോടായി മാറി.