അപകടാവസ്ഥയിൽ 271 കെട്ടിടങ്ങൾ; അതീവദുർബലം 84
തൃശൂർ: നഗരപരിധിയിൽ അപകടാവസ്ഥയിലുള്ളത് 271 കെട്ടിടങ്ങൾ, ഇതിൽ 84ഉം അതീവദുർബലം. മഴക്കാലം മുന്നിലെത്തി നിൽക്കെ കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ച്ചയിൽ ജനങ്ങൾ ഭീതിയിലാണ്. എൻജിനിയറിംഗ് കോളേജും സ്വകാര്യ ഏജൻസികളും ഫിറ്റ്‌നസ് നൽകിയ കെട്ടിടങ്ങളാണ് കഴിഞ്ഞകാലത്ത് തകർന്നതെന്നാണ് ഏറ്റവും വലിയ ആശങ്ക. ആയതിനാൽ പഴയ കെട്ടിടങ്ങളുടെ ബലപരിശോധന ഐ.ഐ.ടി ഉൾപ്പെടെ സാങ്കേതിക മികവുള്ള സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്നാണ് ആവശ്യം. ഐ.ഐ.ടി മദ്രാസിനെയാണ് കൊച്ചി കോർപറേഷൻ ഉൾപ്പെടെ പരിശോധനകൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. അപകടത്തിലുള്ള കെട്ടിടം പൊളിക്കണമെന്ന് 2025 ഒക്‌ടോബർ 13നും 20നും നോട്ടീസ് നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ ഒമ്പതു കെട്ടിടങ്ങളുടെ ഉടമകളുമായി യോഗം നടത്തിയെന്നും ഇവിടെ എൻജിനീയറിംഗ് കോളേജ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കത്ത് നൽകിയെന്നും മനുഷ്യാവകാശ കമ്മിഷനെ അധികൃതർ അറിയിച്ചിട്ടുണ്ട്. ഫയർഫോഴ്‌സിന്റെ എൻ.ഒ.സി വാങ്ങാതെയും പുതുക്കാതെയും നിരവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നെന്നാണ് വിവരം. കെട്ടിടങ്ങളിൽ അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും തൃശൂർ നിലയത്തിലെ മേധാവിയുടെ പരിശോധനയിൽ കണ്ടെത്തിയെന്നും ഫയർഫോഴ്‌സ് 2024 നവംബർ 15നു നൽകിയ റിപ്പോർട്ടിലുണ്ട്.
പരിശോധന നടത്തിയത് അഞ്ച് സെക്ടറുകളിലായി 2025 സെപ്തംബറിൽ കോർപറേഷൻ എൻജിനീയറിംഗ് വിഭാഗം അഞ്ചു സെക്ടറുകളിലായി പരിശോധന നടത്തിയിരുന്നു. സെക്ടർ ഒന്നിൽ പരിശോധിച്ച 78ൽ 10 കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് നിലനിറുത്താമെന്നും എട്ടു കെട്ടിടങ്ങൾ പൊളിക്കണമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. സെക്ടർ രണ്ടിൽ 14 കെട്ടിടങ്ങൾ പരിശോധിച്ചതിൽ ഒരെണ്ണമാണ് പൊളിക്കാൻ തീരുമാനിച്ചത്. മൂന്ന്, നാല്, അഞ്ച് സെക്ടറുകളിൽ 179 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 33ൽ അറ്റകുറ്റപ്പണി ആവശ്യമാണെന്നായിരുന്നു റിപ്പോർട്ട്.