പുരാവസ്തു സംരക്ഷിത ക്ഷേത്രത്തിന് സമീപം അനധികൃത നിർമ്മാണമെന്ന് പരാതി

Sunday 24 May 2026 1:18 PM IST

വിഴിഞ്ഞം: പുരാവസ്‌തു സംരക്ഷിതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിഴിഞ്ഞം ശ്രീഭഗവതി ക്ഷേത്രത്തിനു സമീപം സ്വകാര്യവ്യക്തി അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി. ഇതു സംബന്ധിച്ച് ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശ സമിതിയും മേയർ, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഇതിനെ തുടർന്ന് മണ്ണ് മാറ്റുന്നതുൾപ്പടെയുള്ള നിർമ്മാണ പ്രവൃത്തികൾക്ക് അധികൃതർ സ്വകാര്യ വ്യക്തിയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നൽകി. ക്ഷേത്രത്തിന്റെ പുറകു വശത്തെ വസ്തുവിൽ നിന്ന് ജെ.സി.ബി ഉപയോഗിച്ച് രണ്ടടിയോളം താഴ്ചയിൽ മണ്ണ് മാറ്റിയതുമൂലം സംരക്ഷിത സ്മാരകത്തിനും ഭിത്തികൾക്കും കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് സ്റ്റോപ്പ് മെമ്മോയിലുണ്ട്.30 ഓളം ലോഡ് മണ്ണ് നീക്കം ചെയ്തതിനാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നിലം പതിയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് ദേവസ്വം വെങ്ങാനൂർ സബ് ഗ്രൂപ്പ് ഓഫീസർ പുരാവകുപ്പ് കാര്യാലയമുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്.1968-ലെ കേരള പ്രാചീന സ്‌മാരക പുരാവസ്‌തു സാങ്കേതിക പുരാവിശിഷ്ട ആക്ട് പ്രകാരം സംരക്ഷിത പ്രദേശത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ പാടില്ലാത്തതും നിർമ്മാണ പ്രവത്തനങ്ങൾ നടത്തുന്നതിന് പുരാവസ്തുവകുപ്പിന്റെ എൻ.ഒ.സി വാങ്ങണം.