ഇട്ടിയപ്പാറ കോളേജ് റോഡ് ഓട്ടോസ്റ്റാൻഡ് : ദുരിതത്തിലായി ഡ്രൈവർമാർ

Sunday 24 May 2026 11:33 PM IST
ചെളിയിൽ മുങ്ങി ഇട്ടിയപ്പാറ കോളേജ് റോഡ് ഓട്ടോസ്റ്റാൻഡ്; ദുരിതത്തിലായി ഡ്രൈവർമാർ

റാന്നി : നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയെത്തുടർന്ന് ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലെ കോളേജ് റോഡ് ഓട്ടോസ്റ്റാൻഡ് ചെളിക്കുളമായി മാറി. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചിരുന്ന നിർദ്ദിഷ്ട സ്ഥലമാണ് ഇപ്പോൾ പൂർണ്ണമായും ചെളി അടിഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്.​കോളേജ് റോഡിനോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് ശരിയായ രീതിയിൽ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്തതാണ് നേരിയ മഴ പെയ്താൽ പോലും ഇവിടം ചെളിക്കളമാകാൻ കാരണം. നിലവിൽ ഓട്ടോകൾ പാർക്ക് ചെയ്യാനോ യാത്രക്കാർക്ക് വാഹനങ്ങളിൽ കയറാനോ ഇറങ്ങാനോ പറ്റാത്ത സാഹചര്യമാണ്. ടൗണിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ ജംഗ്ഷനോട് ചേർന്നുള്ള ഭാഗമായതിനാൽ കോളേജ് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഈ വഴി കടന്നുപോകുന്നത്.

പ്രതിഷേധം ശക്തം

ടൗൺ നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ ഓട്ടോസ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം താഴ്ന്നുപോയതും ശാസ്ത്രീയമായ ഓടകൾ ഇല്ലാത്തതുമാണ് വെള്ളക്കെട്ടിനും ചെളി അടിഞ്ഞുകൂടുന്നതിനും കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ​അടിയന്തരമായി ഈ ഭാഗത്തെ ചെളി നീക്കം ചെയ്ത് മെറ്റിലോ ഇന്റർലോക്കോ പാകി ഓട്ടോസ്റ്റാൻഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രാദേശികവാസികളുടെയും തൊഴിലാളികളുടെയും ആവശ്യം.അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം.