കോന്നിയിലും സി.പി.എം നേതൃത്വത്തിനെതിരെ വിമർശനം
കോന്നി: സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ വിമർശനം. നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തോൽവിക്ക് കാരണം പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്റെയും നിലപാടുകളും പിണറായി വിജയന്റെ ധാർഷ്ട്യവുമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി . കോന്നിയിൽ നടന്ന പൊതുയോഗത്തിൽ പാർട്ടി പ്രവർത്തകനായ അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നായി . ഒന്നാം പിണറായി സർക്കാരിന് ശേഷം കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി ശരിയായ രീതിയിലല്ല എടുത്തത്. . ആഗോള അയ്യപ്പ സംഗമവും നവ കേരള സദസും തിരിച്ചടിച്ചു. . പ്രായാധിക്യവും രോഗവുമുള്ള പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാതെ മറ്റൊരാൾക്ക് അവസരം നൽകണമായിരുന്നു എന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ള മൂന്നുപേരാണ് ഏരിയ കമ്മിറ്റിയിൽ പങ്കെടുത്തത്.