തെളിനീരൊഴുകും കല്ലായിപ്പുഴയിൽ, ചെളി നീക്കം അന്തിമ ഘട്ടത്തിൽ

Friday 01 May 2026 12:49 AM IST

കോഴിക്കോട്ടെ വെള്ളക്കെട്ടിന് പരിഹാരമാകും

കോഴിക്കോട്: മഴയ്ക്കു മുൻപ് കല്ലായിപ്പുഴയിലെ ചെളി നീക്കൽ തീർക്കാൻ ഇറിഗേഷൻ വകുപ്പ്. അടുത്ത മാസത്തോടെ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കനത്ത മഴയിൽ കോഴിക്കോട് നഗരം വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. ഡ്രഡ്ജിംഗിലൂടെ പുഴയുടെ ആഴം കൂട്ടിയാൽ നഗരത്തിലെ വെള്ളം കനോലി കനാലിലൂടെ കല്ലായിപ്പുഴയിലെത്തും. വെള്ളക്കെട്ടിന് പരിഹാരമാകും. കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ മഴയിൽ ഗതാഗത കുരുക്കുണ്ടാകുന്ന തരത്തിലായിരുന്നു വെള്ളക്കെട്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളുണ്ടായ സാഹചര്യത്തിൽ സമാനമായ പ്രശ്നം ആവർത്തിക്കാതിരിക്കാനാണ് ശ്രമം. 2025 ഫെബ്രുവരിയില്‍ ആരംഭിച്ച ചെളിനീക്കല്‍ നിശ്ചിത സമയപരിധിക്കകം തീർന്നില്ല. അഴിമുഖത്തെ ശക്തമായ ഒഴുക്കും കടൽ പ്രക്ഷുബ്ദ്ധമായതും ഡ്രഡ്ജർ തകാരാറിലായതും വിനയായി. മാസങ്ങളോളം പ്രവൃത്തി മുടങ്ങി. കാലവര്‍ഷം കനത്തതോടെ സുരക്ഷ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 2025 മേയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രവൃത്തി നിറുത്തി. ഡ്രഡ്ജറിൽ ഹിറ്റാച്ചി ഉപയോഗിച്ച് ചെളി കോരിയെടുത്ത് ബാര്‍ജറില്‍ കയറ്റി പുറംകടലില്‍ അഞ്ചുകിലേമീറ്റര്‍ അകലെ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. കോതി അഴിമുഖം മുതല്‍ കല്ലായിപാലം വരെയുള്ള ഭാഗത്തെ ചെളിയാണ് നീക്കിയത്. 2024 ഒക്ടോബര്‍ 22നാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം സര്‍വേ നടപടികളാരംഭിച്ചു. 2025 ഫെബ്രുവരി 27 നാണ് ചെളിയും മാലിന്യങ്ങളും നീക്കാൻ തുടങ്ങിയത്. കോതി അഴിമുഖത്തുനിന്ന് മാങ്കാവ് കടുപ്പിനി വരെയുള്ള ചളിയും മാലിന്യങ്ങളും നീക്കാനാണ് കരാര്‍.

ചെളി നീക്കിയ ഭാഗത്ത് ഒഴുക്ക് കൂടി

ചെളി നീക്കിയ ഭാഗത്ത് ഒഴുക്ക് കൂടിയിട്ടുണ്ട്. പ്രവൃത്തിക്ക് ഇറിഗേഷന്‍ വകുപ്പാണ് നേതൃത്വം നല്‍കുന്നതെങ്കിലും ചെലവ് വഹിക്കുന്നത് കോഴിക്കോട് കോർപ്പറേഷനാണ്. കോതി അഴിമുഖത്ത് 90 മീറ്റര്‍ വീതിയില്‍ ചെളി നീക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ 120 മീറ്റര്‍ വീതിയിലാണ് നീക്കുന്നത്.

ചെളിനീക്കം ഇങ്ങനെ

ആകെ നീക്കുക - 3.29 ലക്ഷം ക്യൂബിക് മീറ്റര്‍

നീക്കുക 4.5 കിലോമീറ്റർ ദൂരത്തിൽ

ഇതുവരെ നീക്കിയത് - 41 ശതമാനം

പദ്ധതി ചെലവ് - 12.98 കോടി