രാമപുരത്തെ കൊടുങ്കാറ്റ്, രണ്ട് കോടിയുടെ നാശം
പാലാ : ചൊവ്വാഴ്ച വൈകിട്ട് രാമപുരത്തുണ്ടായ കൊടുങ്കാറ്റിൽ രണ്ട് കോടി രൂപയുടെ നാശനഷ്ടം. പ്രാഥമിക കണക്കാണിതെന്നും കൂടുതൽ വിശദമായ പരിശോധന നടത്തുമ്പോൾ നഷ്ടത്തിന്റെ തോത് ഉയരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം പറഞ്ഞു. രാമപുരം വില്ലേജ് ഓഫീസ് പരിധിയിലാണ് കൂടുതൽ വീടുകൾ തകർന്നത്. രാമപുരം അമ്പലം ജംഗ്ഷനിൽ തറപ്പേൽ റ്റി.പി. രാധാകൃഷ്ണൻ, തൈപ്പറമ്പ് ഭാഗത്ത് മുണ്ടപ്പള്ളിൽ അശോകൻ എന്നിവരുടെ വീടുകളാണ് പൂർണ്ണമായും തകർന്നത്. ഏഴ് വീടുകൾ ഭാഗികമായും തകർന്നു. വീടുകളുടെ തകർച്ചയിൽ മാത്രം 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വില്ലേജ് ഓഫീസർ റിൻസി സിറിയക് പറഞ്ഞു. വ്യാപക കൃഷിനാശവുമുണ്ടായി. റബർ, ആഞ്ഞിലി, തേക്ക്, പ്ലാവ്, തെങ്ങുകൾ, വാഴകൾ, മരച്ചീനി തുടങ്ങിയവ ഏക്കറുകണക്കിനാണ് ഒടിഞ്ഞും പിഴുതുവീണും നഷ്ടപ്പെട്ടത്. നാശനഷ്ടം വിലയിരുത്താൻ ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കും.
വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു
25 ഓളം വൈദ്യുതി പോസ്റ്റുകളാണ് മരം വീണ് ഒടിഞ്ഞത്. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിപ്പോയി. നാല് സ്‌ക്വാഡുകളിലായി 50ഓളം കെ.എസ്.ഇ.ബി. ജീവനക്കാർ നിരന്തര പരിശ്രമം നടത്തിയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 4.30 ഓടെ ഭാഗികമായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. പല മേഖലകളിലും ലൈനിലേക്ക് മരങ്ങൾ ഒടിഞ്ഞ് കിടക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് മുഴുവൻ വെട്ടിനീക്കി പൊട്ടിയ ലൈനുകൾ നന്നാക്കി പലയിടത്തും പുതിയ പോസ്റ്റുകൾ സ്ഥാപിച്ചശേഷമേ പൂർണ്ണമായും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകൂ. പാലാ എക്സിക്യൂട്ടീവ് എൻജിനിയർ മാത്തുക്കുട്ടി ജോസഫ്, രാമപുരം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജോർജ്ജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
''നീറന്താനം, ചക്കാമ്പുഴ, കൂടപ്പുലം, കിഴതിരി മേഖലകളിൽ ഇനിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇന്നും കൂടുതൽ ജീവനക്കാർ ഇതിനായി രംഗത്തിറങ്ങും.
മാത്തുക്കുട്ടി ജോസഫ്, (എക്സിക്യൂട്ടീവ് എൻജിനിയർ )