കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

Monday 25 May 2026 12:29 AM IST

കൊല്ലം: ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഭാരതീപുരം തോട്ടംമുക്ക് ചാലിൽ പുത്തൻവീട്ടിൽ ജെ.ജോൺ(35), പത്തടി വേങ്ങവിള വീട്ടിൽ നിഹാസ്(40) എന്നിവരെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 22ന് വൈകിട്ട് 6ന് പത്തടിയിൽ വച്ച് ഭാരതീപുരം തുമ്പോട് രാഖി വിലാസത്തിൽ സുകുമാരനെ(58) കത്തികാെണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി നിഹാസിന്റെ വീട്ടിലെ പണികൾക്ക് ശേഷം പത്തടി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിൽ സംസാരിച്ചുനിൽക്കവെയാണ് വാക്കുതർക്കം ഉണ്ടായതും ജോൺ തന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് സുകുമാരനെ കുത്തിയതും. ഓടി രക്ഷപെടാൻ ശ്രമിച്ച സുകുമാരനെ നിഹാസ് തടഞ്ഞുവച്ചു, ജോൺ വീണ്ടും കുത്താൻ അവസരമൊരുക്കി. തുടർന്ന് ഓടിക്കൂടിയവർ സുകുമാരനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഏരൂർ എസ്.ഐ പി.എം.പ്രിയയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.