കുന്നത്തൂരിന്റെ സമഗ്ര വികസനം: 492 കോടിയുടെ പദ്ധതി സമർപ്പിച്ച് ഉല്ലാസ് കോവൂർ എം.എൽ.എ

Monday 25 May 2026 12:23 AM IST

കുന്നത്തൂർ: കുന്നത്തൂർ നിയോജക മണ്ഡലത്തിന്റെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ 492 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 6 വൻകിട വികസന പദ്ധതികൾ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച് ഉല്ലാസ് കോവൂർ എംഎൽഎ. പൊതുഗതാഗതം, വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, വൈദ്യുതി തുടങ്ങിയ സുപ്രധാന മേഖലകളുടെ വികസനം മുൻനിർത്തിയുള്ള പദ്ധതികൾ 2026-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 പ്രധാന നിർദ്ദേശങ്ങൾ

  • ശാസ്‌താംകോട്ട ട്രാൻ.ഡിപ്പോ പുനഃസ്ഥാപിക്കൽ (2 കോടി): ദീർഘദൂര-ചെയിൻ സർവ്വീസുകൾ, ഇലക്ട്രിക് ബസ് ചാർജിംഗ് സൗകര്യം, കൂടുതൽ രാത്രികാല സർവ്വീസുകൾ എന്നിവയോടൊപ്പം ആധുനിക കാത്തിപ്പ് കേന്ദ്രവും നിർമ്മിക്കാൻ 2 കോടി രൂപ അനുവദിക്കണം.

  • ഡോ. ബി.ആർ ഇന്റഗ്രേറ്റഡ് ഫിനിഷിംഗ് സ്കൂൾ (20 കോടി): ശാസ്‌താംകോട്ടയിൽ സ്ഥാപിക്കുന്ന ഈ സ്കൂൾ വഴി ഐ.ടി, ഡിജിറ്റൽ മേഖലകൾ, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം, മത്സര പരീക്ഷാ പരിശീലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയിൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകും.

  • ഈസ്റ്റ് കല്ലട 110 കെ.വി സബ് സ്റ്റേഷൻ (50 കോടി): ഈസ്റ്റ് കല്ലട ഉൾപ്പെടെയുള്ള മേഖലകളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി സബ് സ്റ്റേഷൻ സ്ഥാപിക്കും.

  • മൺറോതുരുത്ത് ടൂറിസം പാക്കേജ് (50 കോടി): മൺറോതുരുത്തിനെ ഔദ്യോഗികമായി 'ടൂറിസം ഗ്രാമം' ആയി പ്രഖ്യാപിക്കണമെന്നും, ഇതിന്റെ വികസനത്തിനായി 50 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

  • കശുഅണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ് (250 കോടി): കുന്നത്തൂരിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പരമ്പരാഗത കശുഅണ്ടി മേഖലയുടെ വളർച്ചയ്ക്കായി സംസ്ഥാനതല പ്രത്യേക പാക്കേജും കശുഅണ്ടി ക്ലസ്റ്റർ വികസന പദ്ധതിയും നടപ്പിലാക്കണം.

  • ശാസ്‌താംകോട്ട താലൂക്ക് ആശുപത്രി വികസനം (120 കോടി): താലൂക്ക് ആസ്ഥാന ആശുപത്രിയെ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്താൻ 120 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തണം. നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി രോഗികൾ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിന് ഇതോടെ പരിഹാരമാകും.