പാമ്പുകൾ പിൻവാങ്ങുന്നില്ല; ആദികടലായിയിൽ 14 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

Saturday 23 May 2026 11:31 PM IST
ആദികടലായിലെ വീട്ടുപരിസരത്ത് നിന്ന് പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾ

കണ്ണൂർ: കഠിനമായ വേനൽച്ചൂടിൽ പാമ്പുകൾ നാടിന്റെ ഉറക്കം കെടുത്തിയിരുന്നു. നിരവധി പേർക്ക് പാമ്പ് കടിയേൽക്കുകയും ജില്ലയിൽ രണ്ട് പേർ മരിക്കുകയും ചെയ്തു. ആറ് വർഷത്തിനിടെ ജില്ലയിൽ നിന്ന് 33 പേർ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് കണക്കുകൾ. ഇതോടെ പാമ്പുകളെ സംബന്ധിച്ചുളള ശക്തമായ ബോധവത്കരണവും നടക്കുകയുണ്ടായി. വനംവകുപ്പിന്റെ അംഗീകാരത്തോടെ പാമ്പുകളെ പിടിക്കുന്ന സന്നദ്ധ പ്രവർത്തകരാണ് നാടിന് തുണയായത്. ഇവർ നിരവധി വിഷപ്പാമ്പുകളെ പിടികൂടുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുകയും ചെയ്തു.

ആദികടലായിലെ അനീഷിന്റെ വീടിന് സമീപത്തുവച്ച് ഇന്നലെ പിടികൂടിയത് 14 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ്. മാർക്ക് പ്രവർത്തകൻ ജിഷ്ണു പനങ്കാവെത്തിയാണ് പാമ്പുകളെ പിടികൂടിയത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ജില്ലയിൽ നിന്ന് പിടികൂടിയത് 553 മൂർഖൻ പാമ്പുകളെയാണ്. വിഷപ്പാമ്പുകളെ വീടുകളിൽ നിന്നും, വഴിയരികിൽ നിന്നുമാണ് പിടികൂടുന്നത്. മൂർഖൻ പാമ്പുകളെ തന്നെയാണ് കൂടുതലായി പിടികൂടിയത്.

48 അണലികളെയാണ് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടിയത്. വീര്യം കൂടിയ വിഷമുള്ള അഞ്ചോളം വെള്ളിക്കെട്ടൻ പാമ്പുകളെയായും ഈ വർഷം പിടികൂടിയിട്ടുണ്ട്. ഒരു രാജവെമ്പാലയെയും പിടികൂടിയതായാണ് കണക്കിലുള്ളത്.

സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പാമ്പുകടിയും മരണങ്ങളും റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ കനത്ത ചൂടുകാലമായ മാർച്ച് മാസം മുതൽ മേയ് ആദ്യവാരം വരെ ജില്ലയിൽ പാമ്പുമായി ബന്ധപ്പെട്ട് ആശങ്കകൾ നിറഞ്ഞു.

വേണം മുൻകരുതൽ

പാമ്പുകൾ വീട്ടുപരിസരങ്ങളിൽ എത്താതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് നല്ലത്. വീടിനും ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും സ്ഥിരമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക. മഴക്കാലത്ത് ഇവ കൂടാൻ സാദ്ധ്യതയുണ്ട്. കല്ലുകൂട്ടങ്ങൾ, പഴയ മരം കൂട്ടങ്ങൾ, ഷീറ്റുകൾ, ചവറുകൾ എന്നിവ നീക്കം ചെയ്യുക. ഇത്തരം ഇടങ്ങൾ പാമ്പുകൾ വാസ സ്ഥലമായി ഉപയോഗിക്കാൻ സാദ്ധ്യത ഏറെയാണ്. എലികൾ കൂടുതലുണ്ടെങ്കിൽ നിയന്ത്രിക്കുക. എലികൾ കൂടുതലുള്ള സ്ഥലങ്ങളിൽ പാമ്പുകളും വരാൻ സാദ്ധ്യത കൂടുതലാണ്. എലികളെ വീടിന്റെ പരിസരങ്ങളിൽ നിന്ന് ഒഴിവാക്കാൻ വീടു പരിസരം വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക.

ഈ വർഷം ജില്ലയിൽ നിന്ന് പിടികൂടിയ പാമ്പുകൾ

(ജനുവരി -ഏപ്രിൽ)​ മൂർഖൻ 553 അണലി 48 വെള്ളിക്കെട്ടൻ 05

ആറ് വർഷത്തിനിടെ ജില്ലയിൽ നിന്ന് 33 പേർ പാമ്പുകടിയേറ്റ് മരിച്ചു