കർഷകർക്ക് ഇരുട്ടടിയായി വളത്തിനും കീടനാശിനിക്കും വില കൂടുന്നു

Sunday 24 May 2026 12:00 AM IST

കട്ടപ്പന: രാസവളങ്ങൾക്കും കീടനാശിനികൾക്കും വില വർദ്ധിക്കുന്നത് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കുരുമുളകിനും ഏലത്തിനും വളമടേണ്ട നിർണായക സമയത്തുണ്ടായ വിലക്കയറ്റവും വളം ക്ഷാമവും കർഷകരെ കൃഷി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുകയാണ്. വിപണിയിലെ പ്രധാന സബ്സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് കർഷകരുടെ കീശ ചോർത്തുന്ന രീതിയിൽ വില കുതിച്ചുയർന്നത്. കാലവർഷത്തിന് മുന്നോടിയായി റബറിനും കുരുമുളകിനും കുമിൾനാശിനിയായി ഉപയോഗിക്കുന്ന തുരിശിന്റെ വില കേട്ടാൽ ഞെട്ടും. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 300 രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോൾ വില കൃത്യം ഇരട്ടി- 600 രൂപ! വിവിധയിനം സ്‌പ്രേ വളങ്ങൾക്കും കീടനാശിനികൾക്കും വില ദിവസേനയെന്നോണം കൂടുകയാണ്. പ്രതിസന്ധി കർഷകരിൽ മാത്രമല്ല, കർഷകരെ നേരിട്ട് അഭിമുഖീകരിക്കുന്ന അംഗീകൃത വളം ഡപ്പോകളെയും ബാധിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ, അടുത്ത മൂന്ന് മാസത്തിനകം രാജ്യം കടുത്ത വളം ക്ഷാമത്തിലേക്ക് പോകുമെന്നാണ് സൂചന.

കാർഷിക ഉത്പന്നങ്ങൾക്ക് മാത്രം വിലയില്ല

വളത്തിനും കീടനാശിനികൾക്കും പൊന്നുംവിലയാകുമ്പോഴും കർഷകൻ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് വിപണിയിൽ വില പടുകുഴിയിലാണ്. കൃഷിയെ മാത്രം നമ്പി ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇന്ന് അനാഥമാകുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് അടിയന്തരവും ആത്മാർത്ഥവുമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ, വരും നാളുകളിൽ കേരളത്തിലെ കാർഷിക മേഖല പൂർണ്ണമായും തകർന്നടിയുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.