ബസ് കാത്തിരിപ്പ് കേന്ദ്രമില്ല വെയിലും മഴയുമേറ്റ് വല്ലാർപ്പാടം യാത്രികർ

Sunday 24 May 2026 2:34 AM IST

വൈപ്പിൻ: ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്ക സന്ദർശിക്കാനെത്തുന്ന വിശ്വാസികൾക്ക് ദുരിതമാകുന്നു. എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് ബസ് വരുന്ന ഭാഗത്ത് മുമ്പുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോഴില്ല. ഈ പ്രദേശത്ത് ഒരു തണൽമരം പോലും ഇല്ല എന്നതും യാത്രക്കാരെ വലയ്ക്കുന്നു. ഇക്കഴിഞ്ഞ പരീക്ഷക്കാലത്ത് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ വൈപ്പിനിലേക്കുള്ള ബസുകൾക്കായി നട്ടുച്ച സമയത്താണ് ഇവിടെ കാത്തുനിൽക്കേണ്ടി വന്നിട്ടുള്ളത്. മഴക്കാലത്ത് തുറസായ ഈ പ്രദേശത്ത് പൊതുവേ കാറ്റ് ശക്തമായതിനാൽ കുടനിവർത്തി നിൽക്കുവാനും കഴിയാത്ത അവസ്ഥയാണുള്ളത്.

ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ 2024 ആഗസ്റ്റ് 9 ലെ ചിത്രത്തിൽ പ്രസ്തുത കേന്ദ്രം നിലവിലുണ്ട്. പിന്നീട് 2025 മേയ് 6ലെ ഉപഗ്രഹ ചിത്രത്തിൽ നിർമ്മിതി പൂർണ്ണമായും നീക്കം ചെയ്ത അവസ്ഥയിലാണ്. റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവൃത്തികളിലാകാം ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കംചെയ്യപ്പെട്ടതെന്ന് കരുതുന്നു.

എം.എൽ.എയ്ക്ക് നിവേദനം ബസ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിക്കപ്പെട്ടത് പൊതുമുതൽ നശിപ്പിക്കൽ നിരോധനനിയമ പ്രകാരം കുറ്റകരമായതിനാൽ ഈ ക്യത്യം ചെയ്തവരെ കണ്ടെത്തുന്നതിനും ഉത്തരവാദികൾ ആയവർക്കെതിരെ ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകൾ പ്രകാരം നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ജഹാംഗീർ എം.എൽ.എ ടോണി ചമ്മണിക്ക് നിവേദനം നൽകി. വൈപ്പിനിലേക്കുള്ള യാത്രക്കായി എത്തുന്ന പ്രദേശത്തെ സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും വല്ലാർപാടം പള്ളിയിലേക്ക് പോകുന്ന ഭകതജനങ്ങൾക്കും മഴയും വെയിലും കൊള്ളാതെ കയറിയിരിക്കുവാൻ കഴിയുന്ന ആധുനിക രീതിയിലുള്ള ഗ്ലാസ് കവേഡായിട്ടുള്ള ബസ് കത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.