ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം സമാപിച്ചു

Monday 25 May 2026 3:49 AM IST

ചെറുകോൽ: ആത്മബോധോദയ സംഘത്തിന്റെ പ്രധാനകേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ചൊവ്വാഴ്ച മുതൽ ആരംഭിച്ച താരാസ്തുതി മഹായജ്ഞം ഇന്നലെ സമാപിച്ചു. പ്രഭാതത്തിൽ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, ആശ്രമപ്രദക്ഷിണം, എതിരേല്പ്, എഴുന്നള്ളത്ത് എന്നിവ നടന്നു. സന്ന്യാസവൃന്ദവും ഭക്തജനങ്ങളും നാമസങ്കീർത്തനാലാപത്തോടുകൂടി ആശ്രമാധിപതി ദേവാനന്ദ ഗുരുദേവ തിരുവടികളെ യജ്ഞവേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് നേർച്ചസ്വീകരണവും പ്രാർത്ഥനയും അനുഗ്രഹ പ്രഭാഷണവും നടന്നു. അഞ്ച് ദിനങ്ങളിലായി രാപ്പകലന്യേ നടത്തപ്പെട്ട താരാസ്തുതിയിൽ അനേകം ബാലജനങ്ങളും പങ്കെടുത്തിരുന്നു. സർവ്വദോഷശാന്തിക്കും ഈശ്വരാനുഗ്രഹത്തിനുമായി നടത്തപ്പെടുന്ന താരാസ്തുതി മഹായജ്ഞത്തിലും സമാപനത്തിലും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. തുടർന്ന് സമൂഹസദ്യയും നടന്നു.