മുന്നൊരുക്കങ്ങൾ പാളി അമ്പലപ്പുഴയിലും വെള്ളക്കെട്ട്

Monday 25 May 2026 3:44 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഒറ്റ മഴയിൽ തന്നെ പല റോഡുകളും മുങ്ങി. പതിനാറാം വാർഡ് കച്ചേരി മുക്കിന് തെക്ക് ഭാഗത്താണ് റോഡുൾപ്പെടെ വെള്ളത്തിൽ മുങ്ങിയത്.സമീപത്തെ വെള്ളാഞ്ഞിലി തോട് കര കവിഞ്ഞ് റോഡും സമീപത്തെ നിരവധി വീടുകളും വെള്ളത്തിലായി. വീടുകൾക്കു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. ഞായറാഴ്ച പകൽ പെയ്ത മഴയിലാണ് താഴ്ന്ന പ്രദേശങ്ങളും, വീടുകളും വെള്ളത്തിലായത്. കാനകൾ ശുചീകരിക്കാത്തതും റോഡരുകുകൾ വൃത്തിയാക്കാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കി. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കാതെ വെള്ളമിറങ്ങില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴ കനക്കുന്നതിന് മുമ്പ് മഴക്കാല ശുചീകരണം നടത്തി കാനകളും ചെറുതോടുകളും വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.