അപകട ഭീഷണി ഉയർത്തി പാണവള്ളി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം
പൂച്ചാക്കൽ: ജീവനക്കാരുടെയും രജിസ്‌ട്രേഷനുമായി എത്തുന്ന നൂറുകണക്കിന് പൊതുജനങ്ങളുടെയും ജീവന് ഭീഷണിയായി പാണവള്ളി സബ്രജിസ്ട്രാർ ഓഫീസ് കെട്ടിടം. ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കെട്ടിടം പുനർ നിർമ്മിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. സർക്കാരിന് വലിയ വരുമാനം നേടിത്തരുന്ന രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിന് വർഷങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയതാണ് ഈ കെട്ടിടം. ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് കെട്ടിടവിഭാഗവും ഫിറ്റ്നസ് സംബന്ധിച്ച് രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർത്തു വീണ് അപകട മരണം ഉണ്ടായ സാഹചര്യത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ താൽക്കാലികമായി ഓഫീസ് പ്രവർത്തനം അവിടെ നിന്ന് മാറ്റി പ്രവർത്തിക്കുന്നതിന് രജിസ്‌ട്രേഷൻ വകുപ്പ് നടപടി സ്വീകരിച്ചപ്പോൾ അന്നത്തെ അരൂർ എം.എൽ.എ ദലിമയും പാണാവള്ളി ഗ്രാമപഞ്ചായത്ത് അധികാരികളും ഇടപെട്ടാണ് തീരുമാനം മരവിപ്പിച്ചത്. വലിയ അപകടം ഉണ്ടാകുന്നതിന് മുൻപ് സർക്കാരും രജിസ്‌ട്രേഷൻ വകുപ്പും ഉണർന്ന് പ്രവർത്തിച്ച് ജീവനക്കാരുടെയും ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെയും ജീവനു ഭീഷണിയില്ലാത്ത അടിസ്ഥാന സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫീസിലേക്ക് സബ് രജിസ്റ്റർ ഓഫീസ് മാറ്റുകയോ പുതിയ കെട്ടിടം നിർമ്മിക്കുകയോ ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഉൾഭാഗവും ജീർണാവസ്ഥയിൽ
വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ഉൾഭാഗവും ജീർണാവസ്ഥയിലാണ്. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി ചുറ്റു മതിലിനും ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങളും കെട്ടിടത്തിന് അപകട ഭീഷണി ഉയർത്തുന്നുണ്ട്.കാറ്റത്തോ,മഴയത്തോ കെട്ടിടങ്ങൾക്കും മരങ്ങൾക്കും അപകടം ഉണ്ടാകുവാൻ സാദ്ധ്യത കൂടുതലാണ്. നല്ല തിരക്കുള്ള ഓഫീസിൽ രജിസ്‌ട്രേഷനെത്തുന്ന പൊതുജനങ്ങൾക്ക് നിൽക്കുവാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.രജിസ്‌ട്രേഷന് എത്തുന്ന പൊതുജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഓഫീസിലില്ല.ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും യാതൊരു സംവിധാനവും നിലവിലില്ല.