കളക്ടർമാരുടെ മാറ്റം നടപടിക്രമങ്ങൾ പാലിച്ച്: മുഖ്യമന്ത്രി
തിരുവനന്തപുരം: കളക്ടർമാരടക്കം ഐ.എ.എസുകാരെ മാറ്റിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും അത് ഭരണപരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളക്ടർമാരുടെ ഒഴിവുണ്ടായപ്പോൾ സീനിയോറിറ്റി അനുസരിച്ച് നിയമിച്ചതാണ്. മാറ്റപ്പെട്ടവർക്ക് സ്ഥാനങ്ങളും നൽകി. ഇപ്പോൾ നടത്തിയത് ഭരണപരമായ താത്കാലിക മാറ്റമാണ്. മന്ത്രിമാരുടെയും വകുപ്പുകളുടെയും അഭിപ്രായം കൂടി പരിഗണിച്ച് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. മന്ത്രിമാർക്ക് മൂന്നും നാലും സെക്രട്ടറിമാരുണ്ട്. ഇതിൽ പരിഹാരമുണ്ടാക്കും. ഉദ്യോഗസ്ഥരുടെ മാറ്റത്തിൽ മന്ത്രിസഭയിൽ വയ്ക്കേണ്ടത് വയ്ക്കും. അല്ലാത്തത് പൊതുഭരണ വകുപ്പ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേൽക്കറിന്റെ നിയമന വിവാദത്തിൽ അടിസ്ഥാനമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു.കേൽക്കറെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽ.ഡി.എഫ് സർക്കാർ നൽകിയ പാനലിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള സി.ഇ.ഒയാക്കി നിയോഗിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ ജോലി കഴിഞ്ഞു. നേരത്തെ സി.ഇ.ഒയായിരുന്ന നളിനി നെറ്റോ പിന്നീട് ആഭ്യന്തര സെക്രട്ടറിയായി, ചീഫ് സെക്രട്ടറിയായി, മുഖ്യമന്ത്രിയുടെ ഓഫീസിലും നിയമിതയായി.
ബംഗാളിലെപ്പോലെ സി.ഇ.ഒയ്ക്കെതിരെ ഇവിടെ ആരോപണങ്ങളുണ്ടായിരുന്നില്ല. യു.ഡി.എഫിനു 102 സീറ്റ് വാങ്ങി നൽകിയത് രത്തൻ കേൽക്കറാണോ? എന്തൊരു തമാശയാണ്. പിണറായി സർക്കാർ നൽകിയ പാനലിൽ നിന്നാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് മറക്കരുത്. രത്തൻ കാര്യക്ഷമതയും പ്രവർത്തന മികവുമുള്ള ഉദ്യോഗസ്ഥനാണെന്നും സതീശൻ പറഞ്ഞു.
എൽസ കപ്പൽ ദുരന്തം: അഡ്മിറാലിറ്റി സ്യൂട്ട് ഭേദഗതി ചെയ്യും
തിരുവനന്തപുരം: കൊച്ചി തീരത്തിനു സമീപം എം.എസ്.സി എൽസ- 3 കപ്പൽ മുങ്ങിയതു കാരണമുള്ള പാരിസ്ഥിതിക നാശവും മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടവുമടക്കം ഉൾപ്പെടുത്തി അഡ്മിറാലിറ്റി സ്യൂട്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. 2025 മേയ് 24നാണ് കപ്പൽ മുങ്ങിയത്. ഈ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരെടുത്ത നടപടികൾ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.