ഇനിയൊരു ആൾക്കൂട്ട ആക്രമണം ഉണ്ടാകരുത്: മധുവിന്റെ കുടുംബം

Tuesday 26 May 2026 12:56 AM IST

കൊച്ചി: ''ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. ഇവിടെ ഇനിയൊരു ആൾക്കൂട്ട ആക്രമണം ഉണ്ടാകരുത്. അതിനുള്ള വിധിയാണ് ഹൈക്കോടതിയിൽ നിന്ന് വന്നിട്ടുള്ളത്."" ഉറച്ച ശബ്ദത്തിൽ മധുവിന്റെ സഹോദരി സരസു പറയുന്നു. വിധിയിലെ സന്തോഷവും, ഒന്നാം പ്രതി ഹുസൈനെ വെറുതേവിട്ടതിലെ നീരസവും സരസു പ്രകടിപ്പിച്ചു. സങ്കടം ഉള്ളിലൊതുക്കി നിറകണ്ണുകളോടെ ഒപ്പം നിൽക്കുകയായിരുന്നു മാതാവ് മല്ലി.

അട്ടപ്പാടി സ്വദേശി മധു കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഉയർത്തിയ വിധി കേട്ടശേഷം ഹൈക്കോടതിക്ക് മുന്നിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.

കേരളം തങ്ങൾക്കൊപ്പം നിന്നെന്ന് സരസു പറഞ്ഞു. മധു അനുഭവിച്ച വേദന കേരളം കണ്ടതാണ്. ഒന്നാം പ്രതിയെ വെറുതേ വിട്ടതിനെതിരെ ഇപ്പോൾതന്നെ പ്രതിഷേധം ഉയരുന്നുണ്ട്. അപ്പീൽ നൽകും. 12 പേർക്ക് ജീവപര്യന്തം ലഭിച്ചതിൽ സന്തോഷമുണ്ട്. ബന്ധുക്കൾ പോലും കൂറുമാറിയ സാഹചര്യമുണ്ടായി. ഇതെല്ലാം അതിജീവിച്ചുണ്ടായ ഈ വിധി വലിയ ആശ്വാസം നൽകുന്നതാണ്. അഭിഭാഷകരും വിവിധ സംഘടനകളും പിന്തുണയേകി.

വെറുതേ വിട്ടയയ്‌ക്കപ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും ഈശ്വരൻ എല്ലാം കാണുന്നുണ്ടെന്നും മാതാവ് മല്ലി പറഞ്ഞു.