മധു വധക്കേസിൽ ഹൈക്കോടതി : 'ഭരണഘടനയും യാഥാർത്ഥ്യവും തമ്മിലേറെ അന്തരം'

Tuesday 26 May 2026 12:55 AM IST

കൊച്ചി: ഭരണഘടന വിഭാവനം ചെയ്യുന്ന ആശയവും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ടെന്നതിന് തെളിവാണ് മധുവിന്റെ കൊലപാതകമെന്ന് ഹൈക്കോടതി. മുക്കാലി ജംഗ്ഷനിൽ ക്ഷേത്ര ഭണ്ഡാരപ്പെട്ടിയോട് ചേർത്തുകെട്ടിയ നിലയിൽ മധുവിനെ കണ്ടപ്പോൾ എഴുപത്തഞ്ചോളം പേരുണ്ടായിരുന്നു.

ആദിവാസി യുവാവിനെ പിടികൂടാനും ശിക്ഷിക്കാനും അപമാനിക്കാനും അധികാരമുണ്ടെന്ന് വിശ്വസിക്കുന്ന സാമൂഹിക സാഹചര്യം നിലനിൽക്കുന്നു. വാഹനവും മൊബൈലും കടകളും ഒക്കെയുള്ള ഉന്നതരായിരുന്നു അദ്ദേഹത്തിന് ചുറ്റിലും.

വനം വകുപ്പ് ഉദ്യോഗസ്ഥർ, കടകളിലെ ജീവനക്കാർ, വഴിയോര കച്ചവടക്കാർ, പ്രദേശവാസികൾ എന്നിവർ. പക്ഷേ കോടതിയിൽ ഒന്നും അറിയില്ലെന്നാണ് അവർ പറഞ്ഞത്. ദൃക്സാക്ഷികൾ മൊഴി മാറ്റിയത് വേദനാജനകമാണ്. തുറന്ന കോടതിയിൽ സി.സി.ടി.വി ദൃശ്യം കണ്ടിട്ടും, സ്‌ക്രീനിൽ സ്വന്തം ചിത്രം തെളിഞ്ഞിട്ടും അരെയും തിരിച്ചറിയാനാകുന്നില്ലെന്ന് പറഞ്ഞു.

വിചാരണയ്ക്കിടെ പ്രതികൾ ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സമീപിക്കുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കി വീണ്ടും കസ്റ്റഡിയിൽ അയച്ച ശേഷമാണ് ഒരു ഫോറസ്റ്റ് വാച്ചർ സത്യം പറയാനുള്ള ധൈര്യം കാട്ടിയത്. സാക്ഷിമൊഴികൾ ദുർബലമാകുന്നത് കേസിന് പ്രതികൂലമായി. സമ്മർദ്ദവും ഭീഷണിയും ആശ്രിതത്വവും നിലപാടുകളെ ദുർബലമാക്കി. ഇതേക്കുറിച്ച് സമൂഹം ആത്മപരിശോധന നടത്തണം.

ജാതിയോ, ഗോത്രമോ, സാമൂഹിക പശ്ചാത്തലമോ എന്ത് തന്നെയായാലും, ഒരു വ്യക്തിക്ക് അന്തസോടെയും സുരക്ഷയോടെയും ജീവിക്കാൻ അവകാശമുണ്ട്. മധുവിന്റെ ചിത്രങ്ങളും വീഡിയോകളും നിഷ്‌കളങ്കനായ ചെറുമനുഷ്യനെ കാട്ടുന്നു. രോഗവും ദാരിദ്ര്യവും അതീവ ദുർബലനാക്കി. കാട്ടിൽ ജീവിച്ച് കിട്ടുന്നിടത്ത് നിന്ന് ഭക്ഷണം തേടി ജീവിച്ചു. ഇത്തരം സാഹചര്യത്തിലാണ് നിയമം ശക്തമാകേണ്ടത്. ഇത്തരം സംഭവം ഒരിക്കലും ആവർത്തിക്കപ്പെടരുത്.

 ഇലക്ട്രോണിക് തെളിവ് നിർണായകം

നീതിന്യായ സംവിധാനത്തിൽ ഇലക്ട്രോണിക് തെളിവുകളുടെ പ്രാധാന്യം ഈ കേസിൽ വ്യക്തമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾ ചിത്രീകരിച്ച മൊബൈൽ ദൃശ്യം ജനക്കൂട്ട ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ഇലക്ട്രോണിക് തെളിവ് വിശ്വസനീയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശ്വസനീയ മൊഴിയില്ലാതെയും കുറ്റവാളികളെ ശിക്ഷിക്കാൻ ഇത് സഹായിക്കും. സാങ്കേതിക വിദ്യ കൊണ്ടുമാത്രം എല്ലാ അപാകതകളും പരിഹരിക്കപ്പെടില്ല. ഈ കേസിൽ ഇലക്ട്രോണിക് തെളിവുകളുടെ ഫോറൻസിക് പരിശോധന വൈകി. ഇതിനുള്ള അടിസ്ഥാനസൗകര്യം ഇന്നും അപര്യാപ്തമാണെന്നും കോടതി പറഞ്ഞു.