ചീഫ് സെക്രട്ടറി: കെ.ആർ.ജ്യോതിലാലും പരിഗണനയിൽ

Tuesday 26 May 2026 12:29 AM IST

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും പരിഗണനയിൽ. സഞ്ജീവ് കൗശിക് സ്ഥാനത്തേക്ക് ഇല്ലെങ്കിൽ കെ.ആർ.ജ്യോതിലാലിനാണ് പ്രഥമ പരിഗണന. നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ജൂൺ 30ന് വിരമിക്കും. ജൂൺ മദ്ധ്യത്തോടെ അവധിയിൽ പ്രവേശിച്ചേക്കുമെന്നാണ് വിവരം. കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന സഞ്ജീവ് കൗശിക് ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. താൻ ചീഫ് സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന സൂചന കൗശിക് നൽകിയെന്നാണ് അറിയുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷിയും രചന ഷായും സീനിയോറിറ്റി ഉള്ളവരാണെങ്കിലും ഇവർ തിരികെ വരുന്നില്ലെന്നാണ് സൂചന. 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് സീനിയോറിറ്റിയുണ്ടെങ്കിലും ഇടത് സർക്കാരിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്നതിനാൽ യു.ഡി.എഫ് നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് വിവരം.