പര്യത്തുകാവ് ഉന്നതി കേസിൽ ഹൈക്കോടതി, കുടിയൊഴിപ്പിക്കലിന് രണ്ടാഴ്ച കൂടി സമയം
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാൻ ഹൈക്കോടതി രണ്ടാഴ്ച അനുവദിച്ചു. രമ്യമായ പരിഹാരത്തിനാണ് ശ്രമമെന്ന് സർക്കാരിനായി ഹാജരായ അഡ്വ.ജനറൽ ജാജു ബാബു അറിയിച്ചതോടെയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ നടപടി.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തുടർനടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്.പിയും എസ്.എച്ച്.ഒയും നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കുടിയൊഴിപ്പിക്കലിന് മേയ് 26 വരെ ഹൈക്കോടതി സമയമനുവദിച്ചിരുന്നു. നടപടികൾ തടസപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. സ്ഥലത്ത് തലമുറകളായി താമസിക്കുന്നവരാണെന്ന് പറയുന്നവർ, ഹർജിയെ എതിർത്ത് മുനിസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കളക്ടറുടെ ചേംബറിൽ പ്രാഥമിക ചർച്ച നടത്തിയെന്ന് സർക്കാർ വിശദീകരിച്ചു. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
കുടിയിറക്കൽ അനുവദിക്കില്ലെന്ന് ഗോവിന്ദൻ
കിഴക്കമ്പലം: പര്യത്തുകാവിലെ ഒരു കുടുംബത്തെ പോലും ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പര്യത്തുകാവിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു സർക്കാർ അധികാരത്തിലുള്ളതുകൊണ്ടാണ് കുടിയൊഴിപ്പിക്കൽ നടക്കാതെ പോയത്. മുത്തങ്ങ സംഭവത്തിന്റെ ചെറിയ പതിപ്പാണ് പര്യത്തുകാവിലേതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി സി.എം.അബ്ദുൾ കരീം അദ്ധ്യക്ഷനായി.
മലയിടം തുരുത്ത് ദളിത് കുടുംബങ്ങൾ വഴിയാധാരമാവില്ല: മുഖ്യമന്ത്രി വി.ഡി
തിരുവനന്തപുരം: കൊച്ചി മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കിയാലും എട്ട് കുടുംബങ്ങളും വഴിയാധാരമാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കിയാൽ പകരം വീടും സ്ഥലവും നൽകും. അവരെ തെരുവിലേക്ക് വിടില്ല. ഇരകളോടും കേസ് കൊടുത്തവരോടും സർക്കാർ സംസാരിച്ചു. എ.ജിയോട് നിയമപരമായ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. ഇടത് സർക്കാരിന്റെ കാലത്ത് കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കലിന് 14തവണ ശ്രമിച്ചു. എന്നിട്ട് പിണറായി സർക്കാർ എന്ത് ചെയ്തു? ചെറുവിരൽ അനക്കിയില്ല. സ്വകാര്യ കേസാണെന്നായിരുന്നു വാദം. യു.ഡി.എഫ് സർക്കാർ വന്നതിന്റെ പിറ്രേന്ന് മുതൽ സമരം തുടങ്ങി. രണ്ടു മുൻമന്ത്രിമാർ സമരത്തിൽ പങ്കെടുക്കുന്നതു കണ്ട് ഞെട്ടിപ്പോയി. 14തവണയും നിരുത്തരവാദപരമായ നിലപാടെടുത്ത ആളുകളാണ് ഇപ്പോൾ സമരം നടത്തുന്നത്. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ അവിടെ യോഗം ചേർന്നതടക്കം യു.ഡി.എഫ് സർക്കാർ അടിയന്തര നടപടികളെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പത്ത് നിന്നു ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഭൂമിയിലെ താമസക്കാർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. നികുതി അടയ്ക്കാൻ എല്ലാവർക്കും സംവിധാനമൊരുക്കും. ഇടതു സർക്കാരും അവർ രാഷ്ട്രീയമായി നിയമിച്ച വഖഫ് ബോർഡും പോയപോക്കിൽ എട്ടിന്റെ പണിയാണ് തന്നത്. സാധാരണ വഖഫ് ഭൂമി കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് സൂക്ഷിപ്പ് ചുമതലയുള്ള മുത്തവല്ലിയാണ്. എന്നാൽ മുനമ്പത്ത് വഖഫ് ബോർഡ് തന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. എന്താണ് അവരുടെ ഉദ്ദേശം? യു.ഡി.എഫ് സർക്കാർ 10മിനിറ്റു കൊണ്ട് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ താൻ പ്രഖ്യാപിച്ചിരുന്നു. ഇതു തടയാനുള്ള മനഃപൂർവമായ നീക്കമായിരുന്നു ഇത്. യു.ഡി.എഫ് സർക്കാരിനു തീരുമാനമെടുക്കാൻ സാവകാശം നൽകിയില്ല. ഇതിനെ നിയമപരമായി നേരിടും. ഇപ്പോഴത്തേത് വഖഫ് ബോർഡുണ്ടാക്കിയ നിയമപ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.