ഗുരുവായൂർ ദർശനം 1000 രൂപയുടെ ടിക്കറ്റെടുത്ത്: സതീശൻ

Tuesday 26 May 2026 12:03 AM IST

തിരുവനന്തപുരം: ഗുരുവായൂർ ദർശനത്തിനിടെ ഭക്തർക്കൊന്നും ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നും അത്തരം വാർത്തകൾ കള്ളക്കഥകളാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യമായല്ല ഒരു മുഖ്യമന്ത്രി ഗുരുവായൂരിൽ പോയത്. തനിക്കൊപ്പം നാലുപേരാണുണ്ടായിരുന്നത്. ഒരാൾ ദേവസ്വം അഡ്മിനിസ്ട്രേറ്റർ, ഒരു ഗൺമാൻ, സാധാരണ പോവുമ്പോൾ ഉണ്ടാവാറുള്ള രണ്ടു പേർ. ഞായറാഴ്ച വി.ഐ.പി ദർശനമില്ല. 1000രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയത്. അവിടെ എത്തിയപ്പോൾ ശീവേലി നടക്കുകയായിരുന്നു. പിന്നീട് അകത്ത് കയറി തൊഴുതു. ഉപദൈവങ്ങളെ ദർശിക്കാൻ പോയപ്പോൾ ദേവസ്വം സെക്യൂരിറ്റി ഗാർഡ് ഭക്തരെ തടഞ്ഞു. തനിക്കായി മറ്റുള്ളവരെ തടയരുതെന്ന് നിർദ്ദേശിച്ചു. തങ്ങളുടെ തൊട്ടടുത്ത് അകൽച്ചയില്ലാതെ നിന്നത് നന്നായെന്ന് ഭക്തരും പറഞ്ഞു. ഇനി അമ്പലത്തിൽ പോവരുതെന്ന് ദയവുചെയ്ത് പറയരുത് - സതീശൻ പറഞ്ഞു.