കാർ മരത്തിലിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; മകനും ബന്ധുവിനും പരിക്ക്
ആലപ്പുഴ: നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി വയോധികയ്ക്ക് ദാരുണാന്ത്യം. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി.സി. ഏലിക്കുട്ടി (74) ആണ് മരിച്ചത്. എടത്വയിൽ നിന്നും തിരുവല്ലയിലേക്ക് പോകുന്ന സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന മകൻ റോൺസി, ബന്ധുവായ ലിജിൻ എന്നിവർക്ക് പരിക്കേറ്റു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത് മകനും ബന്ധുവിനുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഏലിക്കുട്ടിയെ ഉടൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കൈകാലുകൾക്ക് പരിക്കേറ്റ മകൻ റോൺസിനും ബന്ധുവായ ലിജിനും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.