കുഞ്ഞുമാലാഖയുടെ ഓർമയ്ക്ക്: 'ആലിൻ ബ്രാൻഡ്' നോട്ടുബുക്കുകളുമായി സപ്ളൈകോ

Monday 25 May 2026 3:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ സ്മരണാർത്ഥം സപ്ലൈകോ നോട്ടുബുക്കുകൾ ഇറക്കുന്നു.ആലിൻ ഷെറിന്റെ പേരിലാണ് ഈ വർഷത്തെ നോട്ടുബുക്കുകൾ സപ്ളൈകോ പുറത്തിറക്കുന്നത്.

ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നാളെ ഉച്ചയ്ക്ക് 1.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നിർവഹിക്കും. മേയർ വി.കെ മിനിമോൾ അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും.

ടി.ജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം യു ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ചത് തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ്. അവരെയും യോഗത്തിൽ അനുമോദിക്കും.