പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം: 24 മരണം  പിന്നിൽ ബി.എൽ.എ,​ ലക്ഷ്യമിട്ടത് സൈനികരെ

Monday 25 May 2026 7:47 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാ സേനയും വിമത ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം തുടരുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും ആക്രമണം. പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ സൈനികർ സഞ്ചരിച്ച ട്രെയിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ ചമൻ ഫട്ടക് റെയിൽവേ ക്രോസിംഗിന് സമീപമായിരുന്നു സംഭവം. സ്ഫോടന വസ്തുക്കൾ ഘടിപ്പിച്ച കാർ ട്രെയിനിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു. ക്വെറ്റ മിലിട്ടറി കന്റോൺമെന്റിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും വഹിച്ച് ക്വെറ്റയിലെ പ്രധാന സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ട്രെയിൻ. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും. ട്രെയിനിൽ 336 പേരുണ്ടായിരുന്നെന്നാണ് വിവരം. ആരെയെങ്കിലും കാണാതായോ എന്ന് വ്യക്തമല്ല. ഈദ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയവരാണ് ഏറെയും.

# ബോഗികൾ

മറിഞ്ഞു കത്തി

 റെയിൽവേ ക്രോസിംഗിന്റെ സമാന്തര റോഡിലൂടെ ഓടിച്ചെത്തിയ കാർ, ട്രാക്കിലേക്ക് കയറി ട്രെയിനിന്റെ മദ്ധ്യ ബോഗിയിലേക്ക് ഇടിച്ചു

 സ്ഫോടന ഫലമായി മൂന്ന് ബോഗികളോട് കൂടിയ ഷട്ടിൽ ട്രെയിൻ പാളംതെറ്റി. ബോഗികൾ മറിഞ്ഞു കത്തി

 സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടം