30,000 അടി ഉയരത്തിൽ പറക്കവേ പൈലറ്റിന് ഹൃദയാഘാതം; വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ

Monday 25 May 2026 11:52 AM IST

ലിസ്‌ബൺ: യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന് വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു. സ്‌പെയ്‌നിലെ ടെനറൈഫിൽ നിന്ന് ബർമിംഗ്‌ഹാമിലേക്ക് പോയ ജെറ്റ് 2 എന്ന യാത്രാവിമാനമാണ് പോർച്ചുഗലിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

എൽഎസ്1266 എന്ന വിമാനത്തിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യമേഖലയിൽ പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന് യാത്രയ്‌ക്കിടെ എയർഹോസ്റ്റസ് ഓടിയെത്തി ചോദിച്ചു. ഇത് കേട്ട് എല്ലാവരും പരിഭ്രാന്തരായി. തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയാണെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചു. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന കുട്ടികൾ കരയാൻ തുടങ്ങിയതായും ഒരു യാത്രക്കാരൻ പറഞ്ഞു. തുടർന്ന് ഏറ്റവും അടുത്തുള്ള പോർട്ടോയിലെ ഫ്രാൻസിസ്‌കോ സാകാർനെയ്‌റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു.

ഉടൻതന്നെ മെഡിക്കൽ സംഘമെത്തി പൈലറ്റിനെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി മാറ്റി. യാത്രക്കാർ 13 മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവഴിച്ചു. ശേഷം മറ്റൊരു പൈലറ്റെത്തിയാണ് വിമാനം ബർമിംഗ്‌ഹാമിലേക്ക് പറത്തിയത്. യാത്രക്കാരുടെ സുരക്ഷയിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ച വരുത്തിയിട്ടില്ലെന്നാണ് വിമാനക്കമ്പനി സംഭവത്തിന് പിന്നാലെ പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നത്. അപ്രതീക്ഷിത സംഭവത്താൽ യാത്ര വൈകിയതിന് അവർ യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്‌തു.