വീട്ടുജോലി ചെയ്തില്ല, ചെവിയിൽ ഹെഡ്‌സെറ്റ്; പെൺകുട്ടിയെ മുഖത്തടിച്ച് അമ്മയും സഹോദരനും

Sunday 24 May 2026 3:16 PM IST

ന്യൂഡൽഹി: ഹെഡ്‌സെറ്റ് വച്ച് പഠിച്ചുകൊണ്ടിരുന്ന മകളെ വീട്ടുജോലി ചെയ്യാത്തതിന്റെ പേരിൽ മുഖത്തടിച്ച് ശകാരിച്ച് അമ്മയും മകനും. ഇരുവരും ചേർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെൺകുട്ടിയുടെ സഹോദരൻ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

മകളുടെ മുറിയിലേക്ക് അമ്മയും പെൺകുട്ടിയുടെ സഹോദരനും കയറിവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെൺകുട്ടി ഇയർഫോൺ ധരിച്ചിരിക്കുന്നത് കണ്ട്, നീ ഇയർഫോൺ കുത്തി വച്ച് എന്തെടുക്കുകയായിരുന്നുവെന്ന് സഹോദരൻ ചോദിക്കുന്നു. തൊട്ടുപിന്നാലെ അമ്മ മകളുടെ മുഖത്തടിക്കുന്നതും ഇതേച്ചൊല്ലി മുറിക്കുള്ളിൽ വലിയ ബഹളം ഉണ്ടാകുന്നതും വീഡിയോയിൽ കാണാം.

താൻ പഠിക്കുകയായിരുന്നുവെന്ന് മകൾ ദേഷ്യത്തോടെ ആവർത്തിച്ചു പറയുന്നതാണ് പിന്നീട് കാണുന്നത്. എന്നാൽ, താൻ വീട്ടിൽ വന്നിട്ട് കുറെ നേരമായെന്നും പലതവണ വിളിച്ചിട്ടും മകൾ കേൾക്കാത്തത് ഇയർഫോൺ വച്ചിരുന്നതിനാലാണെന്നും അമ്മ ആരോപിച്ചു.

തർക്കം രൂക്ഷമാകുമ്പോഴും സഹോദരൻ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടേയിരുന്നു. താൻ പഠിക്കുകയായിരുന്നുവെന്ന് തെളിയിക്കാൻ പെൺകുട്ടി പുസ്തകം എടുത്ത് കാണിച്ചെങ്കിലും പഠിക്കുമ്പോൾ എന്തിനാണ് ഇയർഫോൺ വച്ചുവെന്ന ചോദ്യമാണ് സഹോദരൻ ഉന്നയിക്കുന്നത്. തുടർന്ന് പെൺകുട്ടിയുടെ ചെവിയിൽ നിന്ന് ഇയർഫോൺ തട്ടി മാറ്റാൻ അമ്മ ശ്രമിക്കുന്നുണ്ട്. താൻ പഠിക്കുകയായിരുന്നു, വെറുതെ മനസ് വിഷമിപ്പിക്കരുത്. ഹെഡ്‌ഫോൺ വച്ചല്ലാതെ എങ്ങനെയാണ് താൻ പഠിക്കുകയെന്ന് കൈയിലിരുന്ന പുസ്തകം ചുവരിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പെൺകുട്ടി പറഞ്ഞു.

തുടർന്ന് താൻ വീട്ടിൽ ഇല്ലാതിരുന്ന സമയം മകൾ ഭക്ഷണം ഉണ്ടാക്കാത്തതിനെക്കുറിച്ചും അമ്മ ചോദിക്കുന്നുണ്ട്. നിങ്ങളുടെ ജോലി നിങ്ങൾ തന്നെ ചെയ്യൂ എന്നാണ് മകൾ മറുപടി നൽകുന്നത്. ഇതോടെ ദേഷ്യം മൂത്ത അമ്മ, നാളെ കയറി ചെല്ലാൻ പോകുന്ന വീട്ടിൽ നീ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിക്കുന്നു. ഇതിന് മകൾ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തത്.

'നിലവിൽ നിങ്ങൾക്ക് എന്താണോ സംഭവിക്കുന്നത്, അത് തന്നെയായിരിക്കും എനിക്കും അവിടെ സംഭവിക്കുക,'- മകൾ പറഞ്ഞു. ഇതിനിടെ, ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന മകനോടും ദേഷ്യപ്പെടുന്നുണ്ട്. 'നിന്റെ പെങ്ങളോട് പച്ചക്കറിയെങ്കിലും അരിഞ്ഞു വയ്ക്കാൻ നിനക്ക് പറഞ്ഞു കൂടായിരുന്നോ?'- അമ്മ ചോദിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ അമ്മയെയും പെൺകുട്ടിയെയും എതിർത്തും അനുകൂലിച്ചും രംഗത്തെത്തി.