'ദുഃഖകരമെന്ന് പറയട്ടേ, ഇനിയും പാഠം പഠിച്ചില്ലേ?'; നീറ്റ് പരീക്ഷ ക്രമക്കേടിൽ ഇടപെട്ട് സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. ചോദ്യപ്പേപ്പർ ചോച്ചയിലെ ആശങ്ക പ്രകടിപ്പിച്ച കോടതി, ഇതുവരെയുണ്ടായ പാഠങ്ങളിൽ നിന്ന് പഠിച്ചില്ലേയെന്നും ദുഃഖകരമായ സംഭവമാണെന്നും പരാമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിയെ രൂപീകരിച്ചിരുന്നെന്നും കോടതി അറിയിച്ചു. മുമ്പ് നിലവിലുണ്ടായിരുന്ന നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് പരാമർശിച്ച കോടതി അവ നടപ്പിലാക്കുന്നതിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
നവംബർ 14ന് രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ സ്ഥിതി വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (എൻടിഎ) ഉത്തരവിട്ടു. പരീക്ഷയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നേരത്തെ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ രേഖപ്പെടുത്താൻ ബെഞ്ച് നിർദ്ദേശിച്ചു. രണ്ട് സത്യവാങ്മൂലവും മൂന്ന് ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കണം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് പി. എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിച്ചത്. കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും യുണൈറ്റഡ് ഡോക്‌ടേഴ്സ് ഫ്രണ്ടുമാണ് ഹർജിയുമായി കോടതിയിലെത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക, ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണണത്തിന് ഉത്തരവിടുക എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ.