SignIn
Kerala Kaumudi Online
Monday, 25 May 2026 2.50 AM IST

വിടപറഞ്ഞത് വിസ്‌മയ ഗായിക

s

സംഗീത ലോകത്ത് ഇതിഹാസമായി മാറിയ രണ്ട് പെൺകുട്ടികൾ ഒരേ വീട്ടിൽ തന്നെ പിറന്നുവീഴുക എന്നത് ആവർത്തിക്കപ്പെടാത്ത അപൂർവതയാണ്. മഹാരാഷ്ട്രയിൽ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌‌‌കറുടെ മക്കളായി ജനിച്ച ലതാ മങ്കേഷ്‌‌കറും ആശാ ഭോസ്‌ലെയും പാടിത്തുടങ്ങിയത് അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ പട്ടിണി മാറ്റാനായിരുന്നു. മൂത്ത സഹോദരി ലത പതിമൂന്നാം വയസിലും ഇളയ സഹോദരി ആശ ഒൻപതാം വയസിലും. അവരവരുടെ ശബ്ദസത്വത്തിന്റെ മുദ്ര‌കൾ പതിച്ച വ്യത്യസ്തമായ ഗാനസാമ്രാജ്യങ്ങളാണ് ഇരുവരും തീർത്തത്.

മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തൊണ്ണൂറ്റിരണ്ടാം വയസിൽ ആശാ ഭോസ്‌ലെ യാത്രയാകുമ്പോൾ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ലയമധുരമായ ഒരു അദ്ധ്യായമാണ് അടഞ്ഞിരിക്കുന്നത്. ഒരു ഗായിക എന്ന നിലയിൽ അവരുടെ ഏറ്റവും വലിയ സവിശേഷത ക്ലാസിക്കൽ ഗാനങ്ങളും ഗസലുകളും എന്തിന് കാബറേ ഗാനങ്ങളുമെല്ലാം ഒരേപോലെ ആസ്വാദക ഹൃദയങ്ങളെ മോഹിപ്പിക്കുന്ന രീതിയിൽ പാടുവാൻ കഴിയുമായിരുന്നു എന്നതാണ്. സംഗീതത്തിന്റെ ശാസ്‌ത്രീയമായ ആസ്വാദത്തിന് പക്വമായവരെയും അതൊന്നുമില്ലാത്ത ഇന്ത്യയുടെ പാടത്ത് പണിചെയ്യുന്ന നിരക്ഷരനായ കർഷകനെയും ഒരേപോലെ ആനന്ദിപ്പിക്കുന്ന എത്രയെത്ര ഗാനങ്ങളാണ് ആ ഗാനകോകിലത്തിന്റെ കണ്ഠത്തിലൂടെ പുറത്തുവന്നത്. വിവിധ ഭാഷകളിലായി പന്തീരായിരത്തോളം പാട്ടുകളാണ് അവർ ആലപിച്ചത്. അവയിൽ ചില പാട്ടുകളാകട്ടെ തലകുലുക്കിക്കൊണ്ട് തലമുറകൾ ഏറ്റെടുക്കുകയും ചെയ്തു.

ഹരേ രാമ ഹരേ കൃഷ്ണ എന്ന 1971-ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ അവർ ആലപിച്ച 'ദം മാരോ ദം' എന്ന ഗാനം ലഹരിയുടെ ഉന്മാദമാണ് അന്നത്തെ യുവതലമുറകൾക്ക് നൽകിയത്. ഇന്നത്തെ കാലഘട്ടത്തിലെ പോലെ ശബ്ദഘോഷങ്ങളല്ല, ഗാനങ്ങളുടെ വരികളും അതിന്റെ ആലാപന സൗന്ദര്യവുമാണ് അന്നത്തെ കാലത്ത് മുന്തിനിന്നിരുന്നത്. പിന്നീട് ക്ലാസിക് ഗാനമായി മാറുകയും ദുരന്ധർ എന്ന സിനിമയിൽ ഉപയോഗിക്കപ്പെട്ടതോടെ ഒരിക്കൽ കൂടി ആനുകാലികമായി മാറുകയും ചെയ്ത 'പിയാ തൂ അബ്‌‌തോ ആജാ' എന്ന ഗാനവും പാടിയത് 1971-ൽ ആയിരുന്നു. ഇന്ത്യ മുഴുവൻ കീഴടക്കിയ മറ്റൊരു പാട്ടായ ചുരാലിയാ ഹൈ തും നെ ജോ ദിൽ എന്ന ഗാനം 1973-ലാണ് അവർ ആലപിച്ചത്. ഇത്തരം ഗാനങ്ങളുടെ പിറവിയോടെ ലതാ മങ്കേഷ്‌കറെ പോലെ തന്നെ വാണിജ്യ ബോളിവുഡ് സിനിമകളുടെ അവിഭാജ്യ ഘടകമാകുകയായിരുന്നു ആശാ ഭോസ്‌ലെ. ഒ.പി. നയ്യാർ, ആർ.ഡി. ബർമ്മൻ തുടങ്ങിയ സംഗീത സംവിധായകരുമായുള്ള കർമ്മസപര്യയിലെ ബന്ധം അവരിലെ ഗായികയെ പുനർസൃഷ്ടിക്കാൻ പോന്നതായിരുന്നു. പാശ്ചാത്യ സംഗീതത്തിന്റെ ചടുലമായ ആകർഷണീയതയും ഇന്ത്യൻ സംഗീതത്തിന്റെ മധുരമായ ആഴങ്ങളും ഒരേപോലെ ഇണിക്കിചേർക്കാൻ അവർക്കുള്ള കഴിവ് അദ്വിതീയമായിരുന്നു. 1950-കളിൽ തുടങ്ങി രണ്ടായിരത്തിന്റെ തുടക്കം വരെ ഹിന്ദി ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിൽ അവർ മുൻനിരയിൽത്തന്നെ ആയിരുന്നു. എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ 'രംഗീല' എന്ന ചിത്രത്തിനുവേണ്ടി പാടുമ്പോൾ അവർ അറുപതുകൾ പിന്നിട്ട് കഴിഞ്ഞിരുന്നെങ്കിലും ആ പാട്ടുകളിൽ നിറയൗവനത്തിന്റെ വസന്ത ഭൂമികയാണ് അനുവാചകർ അനുഭവിച്ചത്.

കുടുംബ ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടെങ്കിലും അവർ സംഗീത രംഗത്തും പിന്നീട് ഒരു സംരംഭക എന്ന നിലയിൽ ഹോട്ടൽ വ്യവസായ രംഗത്തും വിജയങ്ങളുടെ പാതയാണ് പിന്നിട്ടത്. തൊണ്ണൂറാം വയസിലും ദുബായിൽ ലൈവ് ഷോയിൽ പാടിയിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരിയറിനിടയിൽ ഈ മുതിർന്ന ഗായിക കോടികളുടെ ബിസിനസ് സാമ്രാജ്യവും സ്വന്തമാക്കി. വൺ - ഇന്ത്യയുടെ കണക്കനുസരിച്ച് ആശാ ഭോസ്‌ലെയുടെ ഏകദേശ ആസ്തി 250 കോടി കവിയും. ആശാസ് എന്ന പേരിലുള്ള രാജ്യാന്തര റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമ കൂടിയായിരുന്നു അവർ. പത്മവിഭൂഷണും ദാദാ സാഹിബ് ഫാൽക്കേ അവാർഡും നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. ആ വിസ്‌മയ ഗായിക വിടപറഞ്ഞെങ്കിലും അവർ അവശേഷിപ്പിച്ചുപോയ ഗാനസാമ്രാജ്യത്തിലെ പ്രണയവും ലഹരിയും അനശ്വരമായി തന്നെ നിലനിൽക്കാൻ പോന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY