SignIn
Kerala Kaumudi Online
Monday, 25 May 2026 2.49 AM IST

ഗുരുവിന്റെ സത്യദർശനത്തിലൂടെ ജന്മസാഫല്യം

a

സ്വാമി സച്ചിദാനന്ദ,​ പ്രസിഡന്റ്,​ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ശ്രീനാരായണ ഗുരുവിന്റെ സത്യദർശനത്തിലൂടെ ജന്മസാഫല്യം നേടിയ ധന്യചരിതനാണ് നാരായണ ഗുരുകുലത്തിന്റെ മൂന്നാമത്തെ അദ്ധ്യക്ഷനായിരുന്ന മുനി നാരായണ പ്രസാദ് സ്വാമി.

ഒരു പുരുഷായുസ് മുഴുവൻ ഗുരുവിന്റെ ദർശനത്തെ നെഞ്ചിലേറ്റി അത് സ്വജീവിതത്തിൽ സാക്ഷാത്കരിക്കാനും ആ പാതയിലൂടെ ഗുരുവിന്റെ അനുയായികളെ നയിക്കാനം അദ്ദേഹം ജീവതത്തെ സമർപ്പിച്ചു. ഗുരുദേവന്റെ നേർ ശിഷ്യനായിരുന്ന നടരാജഗുരുവിന്റെ ശിഷ്യത്വം നേടിയതിലൂടെയാണ് മുനി നാരായണപ്രസാദിന്റെ ജീവിതം അനുഗ്രഹീതമാകുന്നത്. വിദ്യാഭ്യാസാനന്തരം വർക്കല നാരായണ ഗുരുകുലത്തിലെത്തി നടരാജഗുരുവിൽ നിന്നും നേരിട്ട് ശ്രീനാരായണ ഗുരുദർശനത്തെക്കുറിച്ചും ഭാരതീയ ലോക വേദാന്തശാസ്ത്രങ്ങളെ സംബന്ധിച്ചും അദ്ദേഹം പരിജ്ഞാനം ആർജ്ജിച്ചു. തുടർന്ന് ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യത്വം സ്വീകരിച്ച് യതിസരണിയിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. സന്ന്യാസം സ്വീകരിച്ചതും ഗുരു നിത്യചൈതന്യയതിയിലൂടെയാണ്.

ഗുരുദേവ കൃതികളുടെ ഒരു ആധികാരിക വ്യാഖ്യാതാവായിരുന്നു. സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലായി ഗുരുദേവന്‍ രചിച്ചതിൽ കണ്ടെടുത്തിട്ടുള്ള മുഴുവൻ കൃതികൾക്കും വ്യാഖ്യാനമെഴുതി. അത് മൂന്ന് മഹാ വാല്യങ്ങളിലായി പ്രകാശനം ചെയ്തു.ഗുരുദേവ ഭക്തർക്ക് ലഭിച്ച ഏറ്റവും വലിയ ജ്ഞാനനിധിയാണത്. ഗുരുദേവന്റെ പല കൃതികളും അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു. നടരാജഗുരു ഇംഗ്ലീഷിലെഴുതിയ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഗുരു നിത്യചെതന്യയതിയുടെ ഗ്രന്ഥങ്ങളും വിവർത്തനം ചെയ്തു. ഗുരുദേവന്റെ കൃതികൾക്ക് തനതായ ശൈലിയിൽ വ്യാഖ്യാനം എഴുതിയ അദ്ദേഹംഗുരുദേവന്റെ ആത്മോപദേശ ശതകത്തെയും ഭഗവത്ഗീതയെയും ചേർത്തിണക്കി നല്ലൊരു പഠനവും നടത്തി. ഭഗവത്ഗീതയ്ക്ക് അദ്ദേഹമെഴുതിയ വ്യാഖ്യാനവും പ്രസിദ്ധമാണ്. അതുപോലെ സൗന്ദര്യലഹരി എന്ന ശങ്കരാചാര്യ കൃതിക്ക് നടരാജഗുരു എഴുതിയ ഭാഷ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ `ആത്മായനം' എന്ന പേരിലാണ് പ്രസിദ്ധം ചെയ്തിട്ടുള്ളത്.

ആധ്യാത്മിക ആചാര്യൻ, സാമൂഹിക സേവകൻ എന്നീ നിലകളിൽ മുനി നാരായണ പ്രസാദ് ചെയ്ത സംഭാവനകളെ വിലയിരുത്തി രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ലോകത്താകെ അധിവസിക്കുന്ന ലക്ഷക്കണക്കിന് ഗുരുദേവ ഭക്തർക്കും ആത്മീയ സാധകന്മാർക്കും സദ് ജനങ്ങൾക്കും വലിയ നഷ്ടവും വിടവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആത്മചൈതന്യം ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവന്റെ ദിവ്യചൈതന്യത്തിൽ നിലീനമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY