SignIn
Kerala Kaumudi Online
Monday, 25 May 2026 2.49 AM IST

കടൽ രാജാവ്..!

port

ഇന്ത്യയിൽ 15ഉം വിദേശത്ത് നാലുമടക്കം 19തുറമുഖങ്ങളിലൂടെ 500 മില്യൺ ടൺ കാർഗോ നീക്കം നടത്തി കടൽരാജാവായി മാറിയിരിക്കുകയാണ് അദാനി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്സിനാണ് വിഴിഞ്ഞം അടക്കം തുറമുഖങ്ങളുടെ നടത്തിപ്പ്. ഇന്ത്യയുടെ 11000 കിലോമീറ്റർ തീരത്ത് 15തുറമുഖങ്ങളും ഈസ്റ്റ്-വെസ്റ്റ് ഗ്ലോബൽ അന്താരാഷ്ട്ര ഇടനാഴിയിൽ നാല് തുറമുഖങ്ങളുമാണ് അദാനിക്കുള്ളത്. 500മില്യൺ കടന്നതോടെ അദാനി ഇനി ലക്ഷ്യമിടുന്നത് 2030ഓടെ ഒരു ബില്യൺ (100കോടി ) ടൺ ചരക്ക് കൈകാര്യം ചെയ്യാനാണ്.

അദാനിയുടെ കടൽസാമ്രാജ്യത്തിലെ ഏറ്റവും സുപ്രധാന തുറമുഖമാണ് വിഴിഞ്ഞം. ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമാണ് വിഴിഞ്ഞം. കഴിഞ്ഞ മേയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം ഉദ്ഘാടനം ചെയ്തത്. ഇതുവരെ 850 കപ്പലുകളിൽ 18ലക്ഷം കണ്ടെയ്നറുകളെത്തി. നിലവിലെ 800 മീറ്റർ ബർത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്നു. പ്രതിമാസം ശരാശരി 60കപ്പലുകളാണ് വിഴിഞ്ഞത്ത് നങ്കൂരമിടുന്നത്. ഓട്ടോമേറ്റഡ് തുറമുഖമായതിനാലാണ് വിഴിഞ്ഞത്ത് അതിവേഗ ചരക്കുനീക്കം സാദ്ധ്യമാവുന്നത്. ഇന്ത്യയിൽ ഒരിടത്തും ഇത്രയും വേഗം പറ്റില്ല. 110രാജ്യങ്ങളിലേക്ക് വിഴിഞ്ഞത്ത് നിന്ന് സർവീസുണ്ട്. അമേരിക്ക, ആഫ്രിക്ക യൂറോപ്പ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് റഗുലർ സർവീസുണ്ട്. വിഴിഞ്ഞത്തടുക്കാൻ കപ്പലുകൾ കാത്തുകിടക്കുന്ന സ്ഥിതിയാണ്. അതിനാൽ ഒരു മണിക്കൂർ പോലും പ്രവർത്തനം നിറുത്താനാവില്ല.

വിഴിഞ്ഞത്ത് അടുത്തഘട്ട വികസനം 2028ൽ പൂർത്തിയാവുന്നതോടെ ഒരേസമയം 5 കൂറ്റൻ കപ്പലുകൾക്ക് നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. നിലവിലെ 800മീറ്റർ ബർത്ത് 2000 മീറ്ററാവുകയും മൂന്ന് കിലോമീറ്റർ പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ കാർഗോനീക്കത്തിന്റെ വേഗംകൂടും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,​000 ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബെർത്ത് തുറമുഖമായി വിഴിഞ്ഞം മാറും. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ വികസനപ്രവർത്തനങ്ങളാണ് ഒറ്റഘട്ടമായി 10,000കോടി മുടക്കി അദാനി പൂർത്തിയാക്കുന്നത്. നിലവിലെ 10ലക്ഷം കണ്ടെയ്നർ പ്രതിവർഷ ശേഷിയെന്നത് 50ലക്ഷം കണ്ടെയ്നറുകളെന്നായി വിപുലീകരിക്കപ്പെടുന്നതോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബാവും.

ഭാവികേരളം

വളരുംവഴി

വിഴിഞ്ഞം തുറമുഖം തുറന്നിട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി അതിലൂടെയാവും ഭാവികേരളത്തിന്റെ വളർച്ച. തുറമുഖത്തിന്റെ അടുത്തഘട്ടങ്ങൾ 2028ൽ പൂർത്തിയാവുന്നതോടെ, വിസ്മയകരമായ വികസനം കേരളത്തിലെത്തും. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചാൽ വൻതോതിൽ നിക്ഷേപമെത്തുമെന്നും അത് കേരളത്തിന്റെ വളർച്ചയ്ക്ക് വഴിതുറക്കുമെന്നുമാണ് പ്രതീക്ഷ. തുറമുഖത്തിന്റെ അടുത്തഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ അനുബന്ധ വ്യവസായമേഖലകളിൽ കേന്ദ്ര-സംസ്ഥാന-സ്വകാര്യ നിക്ഷേപമായി 30,000 കോടിയെങ്കിലുമെത്തുമെന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഇതോടെ രാജ്യത്തിലെ ഏ​റ്റവും വലിയ പെർമനെന്റ് മാഗ്ന​റ്റ് ഹബ്ബായി മാറാൻ ഇതിലൂടെ കേരളത്തിനാകും. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആവശ്യമായ തോറിയം, സ്‌കാൻഡിയം തുടങ്ങിയ റെയർഎർത്ത് മൂലകങ്ങൾ കേരളത്തിലെ തീരപ്രദേശങ്ങളിൽ സുലഭമാണ്. ഊർജോത്പാദനത്തിനും പ്രതിരോധവ്യോമയാന മേഖലകളിലും ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രോണുകളുടെയും സി.ടി സ്‌കാൻ ഉപകരണങ്ങളുടെയും നിർമ്മാണത്തിനും ഇവ അത്യന്താപേക്ഷിതമാണ്. 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും ഇതിലൂടെയുണ്ടാവുമെന്നാണ് വിലയിരുത്തൽ.

എക്സിമാവാൻ

വിഴിഞ്ഞം

അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ വിഴിഞ്ഞം കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി മാറും. വലിയകപ്പലുകളിലെ കണ്ടെയ്നറുകൾ ഇറക്കിവച്ച്, ചെറിയ കപ്പലുകളിൽ വിതരണംചെയ്യുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് ബിസിനസാണ് ഇപ്പോൾ നടക്കുന്നത്. 'എക്സിം' തുറമുഖമാവുന്നതോടെ പ്രാദേശികമായ ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്കും വ്യവസായ വികസനത്തിനും വഴിയൊരുങ്ങും. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതോടെ തുറമുഖത്തിന്റെ ഗുണഫലം തദ്ദേശീയർക്ക് ലഭ്യമായിത്തുടങ്ങും. അടുത്തഘട്ടത്തിൽ കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് 2000 മീറ്ററാക്കും. പുലിമുട്ട് 900മീറ്റർകൂടി നീട്ടുന്നതോടെ, കപ്പലുകളുടെ കാത്തുകിടപ്പ് സമയം കുറയും. 600, 620മീറ്റർ നീളത്തിലുള്ള 2മൾട്ടിപർപ്പസ് ബർത്തുകൾ പൂർത്തിയാവുന്നതോടെ കൂടുതൽ കപ്പലുകൾ അടുപ്പിച്ച് ചരക്കിറക്കാനാവും.

അതിശയം

ഈ വളർച്ച

1998ൽ ഒരു തുറമുഖത്ത് നിന്ന് ആരംഭിച്ച അദാനി തുറമുഖ കമ്പനി ഇന്ന് രാജ്യത്തിന്റെ വ്യാപാരം, വ്യവസായ വളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. തുറമുഖങ്ങളോട് അനുബന്ധിച്ച് റെയിൽ, റോഡുകൾ, ട്രക്ക് സർവീസ്, ഗോഡൗണുകൾ, കാർഗോ ഗേറ്റ് വെയ്കൾ എന്നിവയടക്കം ഏകീകൃത ഗതാഗത-ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാണ് അദാനി നിർമ്മിച്ചത്. ആദ്യ 100 മില്യൺ ടൺ കൈവരിക്കാൻ 16 വർഷമെടുത്തു. അതിനുശേഷമുള്ള ഓരോ 100 മില്യൺ ടണും അതിവേഗത്തിലായി. രാജ്യത്തിന്റെ ലോജിസ്റ്റിക് നീക്കത്തിൽ 95% അദാനിക്ക് സ്വന്തം. 12മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകളുണ്ട്. ചരക്കുനീക്കത്തിന്132ട്രെയിനുകളും 20000ട്രക്കുകളുമുണ്ട്. കണ്ടെയ്നറുകൾക്കായി 2.9ലക്ഷം ച.മീറ്റർ വെയർഹൗസുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY