SignIn
Kerala Kaumudi Online
Monday, 25 May 2026 2.49 AM IST

ജീവനെടുത്ത് ആൾക്കൂട്ട ആക്രമണം

s

മനസിന്റെ മുറിവുകളെയും വ്യഥകളെയും ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രങ്ങൾ എന്നാണ് വിശ്വാസം. ഭക്തിയുടെയും ആഘോഷത്തിന്റെയും പൂരപറമ്പാകുന്ന ക്ഷേത്രോത്സവങ്ങൾ ആബാലവൃദ്ധം ജനങ്ങൾക്കും ആഹ്ലാദവും സന്തോഷവുമേകുന്ന ഇടങ്ങളാകും. എന്നാൽ ചില സാമൂഹ്യ വിരുദ്ധന്മാർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിൽ പെട്ട് മനുഷ്യ മൃഗങ്ങളായി മാറി ഉത്സവാഘോഷങ്ങൾ അക്രമി വിളയാട്ടത്തിനുള്ള വേദിയാക്കി മാറ്റാറുണ്ട്. അങ്ങനെ മൃഗങ്ങളെക്കാൾ ക്രൂരന്മാരായ ഒരു സംഘത്തിന്റെ കൂട്ട ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ 18 കാരനായ വിദ്യാർത്ഥിയുടെ വിങ്ങുന്ന ഓർമ്മകൾ ഒരു നാടിന്റെ തന്നെ നീറുന്ന നോവായി മാറി. ഉത്സവാഘോഷത്തിനിടെ ഒരു കാരണവുമില്ലാതെ ഒരു സംഘം അക്രമികൾ ആ വിദ്യാർത്ഥിയെ അടിച്ചും ഇടിച്ചും മാത്രമല്ല, തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചും വീഴ്ത്തി. ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് ഏതാനും ദിവസം കിടന്ന അവൻ വീട്ടുകാരെയും നാടിനെയും കണ്ണീരിലാഴ്ത്തി വിട പറഞ്ഞു. കൊല്ലം മരുത്തടി ദേവീ ക്ഷേത്രത്തിൽ മാർച്ച് 2 തിങ്കളാഴ്ച രാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകനായ ഹരികൃഷ്ണനാണ് മൃഗതുല്യരായ ഒരു കൂട്ടം അക്രമികളുടെ കാടത്തത്തിനിരയായത്. ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളായ 6 പേർ ഇതിനകം അറസ്റ്റിലായി.
അടൂർ ഗവ.പോളിടെക്നിക്കിലെ ഡിപ്ലോമ വിദ്യാർത്ഥിയായ ഹരികൃഷ്ണൻ സഹോദരൻ ജയകൃഷ്ണനുമൊത്താണ് മരുത്തടി ക്ഷേത്രത്തിൽ ഉത്സവ ഘോഷയാത്ര കാണാനെത്തിയത്. മാതൃ സഹോദരിയുടെ മകൾ കേരളപുരം സ്വദേശി അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കാളികളാകാൻ അമ്മയുടെ നാടായ മരുത്തടിയിൽ ഹരികൃഷ്ണനും ജയകൃഷ്ണനും ബന്ധുക്കൾക്കൊപ്പമാണെത്തിയത്. ഘോഷയാത്രയുടെ ആൾത്തിരക്കിനിടെ ഹരികൃഷ്ണനെ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ചിലർ തടഞ്ഞ് ചോദ്യം ചെയ്യുന്നതോടെയാണ് ആൾക്കൂട്ട ആക്രമണ പരമ്പരയുടെ തുടക്കം. ബഹളത്തിനിടെ അവിടെ എത്തിയ ജയകൃഷ്ണൻ ഇടപെട്ട് പ്രശ്നം പറഞ്ഞൊതുക്കിയതാണ്. എന്നാൽ പിന്നാലെ എത്തിയ ചിലർ സഹോദരന്മാരുടെ തോളിൽ കൈയിട്ട് ഭക്ഷണം കഴിച്ചു വരാമെന്ന് പറഞ്ഞ് ക്ഷേത്ര സദ്യാലയത്തിനടുത്തേക്ക് കൊണ്ടുപോയി ഇരുവരെയും ക്രൂരമർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.


' കൊല്ലെടാ അവനെ..."

ഗുണ്ടകളെപ്പോലെ പെരുമാറിയ അക്രമികളുടെ അടിയേറ്റ് ബോധമറ്റ് നിലത്തുവീണ ഹരികൃഷ്ണനെ ചൂണ്ടി അക്രമികളിൽ ഒരാൾ 'അവനെ അടിച്ചു കൊല്ലെടാ..." എന്നാക്രോശിച്ച് വലിയൊരു തടിക്കഷ്ണത്തിന് തലയ്ക്കടിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആക്രമണത്തിന്റെ ഭീകരത പുറം ലോകം അറിയുന്നത്. ബോധമറ്റ് നിലത്തു കിടക്കുന്ന 18 കാരനായ വിദ്യാർത്ഥിയെ അക്രമി സംഘം ചുറ്റും നിന്ന് ക്രൂരമായി മർദ്ദിക്കുന്നതിനിടെ ഒരാൾ വലിയ തടിക്കഷ്ണം കൊണ്ട് ഹരികൃഷ്ണന്റെ തലയിൽ ആഞ്ഞടിക്കുന്നതിന്റെ ശബ്ദം വീഡിയോയിൽ കേൾക്കുന്നത് ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ഈ സമയം അവിടെ കൈക്കുഞ്ഞുമായെത്തിയ സഹോദരി അമ്മു നിലവിളിച്ചു കൊണ്ട് ബോധമറ്റ് കിടക്കുന്ന ഹരികൃഷ്ണനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. മർദ്ദനം തടയാൻ ശ്രമിച്ച അമ്മുവിന്റെ ഭർത്താവ് രാജേഷിനും മർദ്ദനമേറ്റു.


അന്ത്യം മസ്തിഷ്‌ക്ക മരണത്തെ തുടർന്ന്

തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്‌ക്കേറ്റ അടിയിൽ മസ്തിഷ്‌ക്കത്തിന് സാരമായി പരിക്കേറ്റ ഹരികൃഷ്ണൻ മൃതപ്രായനായി ദിവസങ്ങളോളം മല്ലടിച്ചു. ഒടുവിൽ മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

6 പ്രതികൾ പിടിയിൽ

ഹരികൃഷ്ണനെ ക്രൂരമായി സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ 6 പ്രതികളെ ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി വിമൽരാജ് (48), രണ്ടാം പ്രതി സനിൽ കുമാർ (52), മൂന്നാം പ്രതി സുനിൽ കുമാർ (58), നാലാം പ്രതി ഷമിൽരാജ് (50)അഞ്ചാം പ്രതി രതീഷ് (51),ആറാം പ്രതി ഷിബിൻ (23) എന്നിവരാണ് ഇതിനകം പിടിയിലായത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച പുനലൂർ സ്വദേശി സുനിൽ കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ പലർക്കും സി.പി.എം ബന്ധമുള്ളതായി സൂചനയുണ്ട്. മരുത്തടി ക്ഷേത്രോത്സവത്തിനിടെ വാഹനത്തിൽ പോയവരും ആൾക്കൂട്ട ആക്രമണത്തിനിരയായിരുന്നു. പരിക്കേറ്റവർ ശക്തികുളങ്ങര പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നതിന്റെ നാലാം ദിവസമാണ് കേസെടുത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

പൊലിഞ്ഞത് നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷകൾ

യാതൊരു കാരണവും ഇല്ലാതെ ഒരു വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊന്ന സംഭവത്തിൽ പൊലിഞ്ഞത് ഒരു നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷകളാണ്. മരിച്ച ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും അടൂർ ഗവ.പോളി ടെക്നിക്കിലെ വിദ്യാർത്ഥികളാണ്. ഭിന്നശേഷിക്കാരനും പാർക്കിൻസൺസ് രോഗബാധിതനുമായ പിതാവ് ജയസേനന്റെ പ്രതീക്ഷകളെല്ലാം രണ്ട് ആൺ മക്കളിലായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ജയ സേനന് രോഗം ബാധിച്ച് കൈ വിറയലായതോടെ ഓട്ടോ ഓടിക്കാൻ കഴിയാതായി. ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത് വീടിനു മുന്നിൽ അനുവദിച്ച പെട്ടിക്കടയിൽ സുഹൃത്തുക്കൾ വാങ്ങി നൽകിയ സാധനങ്ങൾ വിറ്റാണ് ചെറിയ വരുമാനം കണ്ടെത്തുന്നത്. സൈനികനാകാനാഗ്രഹിച്ച് പാതിവഴിയിൽ വീണുപോയ ഹരികൃഷ്ണന്റെ അകാല വിയോഗം ജന്മനാടിനും സഹപാഠികൾക്കും ഉൾക്കൊള്ളാനാകാതെ വിതുമ്പുകയായിരുന്നു. കണ്ണില്ലാത്ത ക്രൂരതയിൽ പൊലിഞ്ഞ ഹരികൃഷ്ണന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളാണ് കുന്നത്തൂർ കീച്ചപ്പള്ളി ഗ്രാമത്തിലേക്ക് എത്തിയത്. സംസ്ഥാനത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകത്തിന്റെ ഒടുവിലത്തെ ഇരയാണ് ഹരികൃഷ്ണൻ. കേരള മന:സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം ഏറെ പ്രകമ്പനം സൃഷ്ടിച്ചതാണ്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മധു എന്ന 27 കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് 16 അംഗ സംഘം കൈകൾ ലുങ്കി കൊണ്ട് ബന്ധിച്ച ശേഷം ക്രൂരമായി മർദ്ദിച്ചത് മരണത്തിൽ കലാശിക്കുകയായിരുന്നു. 2023 മേയ് 13 നാണ് മലപ്പുറം കിഴിശേരിയിൽ ബീഹാർ സ്വദേശി രാജേഷ് മാഞ്ചി എന്ന 36 കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2025 ഫെബ്രുവരി 28 ന് കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ടത് കേരളീയ സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്. കൊല്ലത്ത് ഉത്സവ ഘോഷയാത്രയ്ക്കിടെ വിദ്യാർത്ഥിയായ ഹരികൃഷ്ണനെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയതും യാതൊരു കാരണവും ഇല്ലാതെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY