SignIn
Kerala Kaumudi Online
Monday, 25 May 2026 2.49 AM IST

പി.കെ. കുഞ്ഞാലിക്കുട്ടിയുമായി സംഭാഷണം, 'ഫലം വരുംമുമ്പ് ഉപമുഖ്യമന്ത്രി ചോദ്യത്തിന് അർത്ഥമില്ല'

s

സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിന്റെ 'കിംഗ് മേക്കർ" ആരെന്നു ചോദിച്ചാൽ കുഞ്ഞാപ്പയെന്ന് മുസ്ലിംലീഗും കോൺഗ്രസും ഒരുപോലെ പറയും. കെ. കരുണാകരന്റെ കാലം മുതൽ ഇങ്ങോട്ട് മുന്നണിക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടാവുമ്പോഴും ഐക്യം തകരുമ്പോഴും ഇടപെടലും ഇടപഴകലും നടത്താൻ പി.കെ. കുഞ്ഞാലിക്കുട്ടിയോളം വഴക്കമുള്ള മറ്റൊരു നേതാവില്ല. രാഷ്ട്രീയ ജീവിതത്തിലെ നിരവധി പ്രതിസന്ധികളിലൂടെ കടന്നപ്പോഴും ഇപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾക്ക് പ്രാധാന്യമേറെ. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ 'കേരളകൗമുദി"യുമായി സംസാരിക്കുകയാണ്,​ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

?​ യു.ഡി.എഫിന്റെ കിംഗ് മേക്കർ എക്കാലത്തും താങ്കളാണല്ലോ.

 അനാവശ്യമായ വിശേഷണമാണത്. എനിക്കെന്റെ പാർട്ടിയും യു.ഡി.എഫ് സംവിധാനവുമാണ് പ്രധാനം. അതിനുവേണ്ടി നിയോഗിക്കപ്പെടുന്നതെല്ലാം ചെയ്യാറുണ്ട്. അല്ലാതെ പാർട്ടിയോ മുന്നണിയോ ഇല്ലാതെ ഞാനെന്ന വ്യക്തിയില്ലല്ലോ.

?​ വരുന്ന തിരഞ്ഞെടുപ്പിൽ 100 കടക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

 എന്താണ് സംശയം?​ കഴിഞ്ഞ പത്തു വർഷംകൊണ്ട് എൽ.ഡി.എഫ് സർക്കാരിനെ കേരളത്തിന് മടുത്തുപോയി. അതിനെതിരായുള്ള ആദ്യ വിധിയെഴുത്താണ് തദ്ദേശത്തിൽ കണ്ടത്. ഇനി നിയമസഭാ തിരഞ്ഞെടുപ്പ് എൽ.ഡി.എഫിന്റെ അന്ത്യംകുറിക്കും.

?​ ലീഗാണ് യു.ഡി.എഫിന്റെ ശക്തി. ഉപമുഖ്യമന്ത്രി പദം ചോദിക്കുമോ.

 തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും മുമ്പേ, ഫലം വരുംമുമ്പേ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ? പക്ഷെ ഒരു കാര്യം പറയാം- തദ്ദേശത്തിൽ നേടിയതിനേക്കാൾ ഞെട്ടിക്കുന്ന വിജയം ലീഗിനുണ്ടാവും. മത്സരിക്കുന്ന എല്ലാവരും വിജയിക്കുന്ന രീതിയിലാണ് നിലവിലെ രാഷ്ട്രീയ അവസ്ഥ. ലീഗ് സ്ഥാനാർത്ഥികൾ ജയിക്കുമെന്നു പറഞ്ഞാൽ യു.ഡി.എഫ് മുന്നേറ്റമുണ്ടാകും.

?​ കഴിഞ്ഞ തവണ ഒരു വനിതാ സ്ഥാനാർത്ഥി ഉണ്ടായി, ഇത്തവണ...

 ഇവിടുത്തെ വലിയ രാഷ്ട്രീയ പാർട്ടികളിൽ എത്ര സ്ത്രീകൾ സ്ഥാനാർത്ഥികളാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലീഗിൽ ഒന്നല്ല; കൂടുതൽ പേരുണ്ടാവും. പക്ഷെ അതെല്ലാം പാർട്ടി കമ്മിറ്റിയുടെ തീരുമാനത്തിനു ശേഷം പുറത്തുവരേണ്ടതാണ്.

?​ പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വലിയ വിവാദമായല്ലോ.

 ചീപ്പായിപ്പോയി. ആ വാക്കാണ് എനിക്കിപ്പോൾ തോന്നുന്നത്. കേരളത്തിൽ ദേശീയപാതാ വികസനം നടക്കുമ്പോൾ അതെങ്ങനെ കേന്ദ്ര സർക്കാരിന്റെ മാത്രം നേട്ടമാവും?​ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഇല്ലെങ്കിൽ അത് പൂർത്തിയാവുമോ?​ ഇതിലെല്ലാം രാഷ്ട്രീയം കളിക്കുന്നത് ശരിയാണോ. കേന്ദ്രം ഞങ്ങളും ഭരിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇത് തികഞ്ഞ അപരാധമാണ്.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്ര സർക്കാർ മാത്രമല്ല, ഇവിടുത്തെ സംസ്ഥാന സർക്കാരും വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിക്കുന്നുണ്ട്. വയനാട്ടിൽ ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ ഒരു എം.എൽ.എയെ പാർട്ടിക്കാർ കൂകി വിളിച്ച് അപമാനിച്ചതും ശരിയായില്ല. ഭരിക്കുന്ന എല്ലാവരും പ്രതിപക്ഷ ബഹുമാനം കാട്ടണം.

?​ എം.പിമാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വലിയ തർക്കം നടക്കുന്നു, യു.ഡി.എഫ് വിജയത്തെ ഇത് പ്രതികൂലമായി ബാധിക്കുമോ.

 അതൊക്കെ അവരുടെ പാർട്ടിക്കാര്യം. അതെല്ലാം അവർ പരിഹരിക്കും. അഭിപ്രായം പറയാൻ ഞങ്ങൾ ആളല്ല.

?​ ഭരണം പോയ കാലത്ത് ലീഗ് യു.ഡി.എഫ് വിട്ടുപോകുമെന്ന അവസ്ഥയുണ്ടായിരുന്നു എന്ന വി.ഡി.സതീശന്റെ അഭിപ്രായത്തോട്...

 രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് എല്ലാ പാർട്ടികളും വിവിധങ്ങളായ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷെ ലീഗ് എന്നും യു.ഡി.എഫ് പക്ഷത്താണ്. സതീശൻ പറഞ്ഞതിന്റെ വിശദീകരണം അദ്ദേഹംതന്നെ പറയട്ടെ. ലീഗ് അത്തരം നിലപാടെടുത്തിട്ടില്ല.

?​ ലീഗിന്റെ സ്ഥാനാർത്ഥി നിർണയം എപ്പോഴുണ്ടാവും.

 അധികം വൈകില്ല. ചർച്ചകൾ പുരോഗമിക്കുന്നു. കോൺഗ്രസിനൊപ്പം ലീഗ് സ്ഥാനാർത്ഥിപ്പട്ടികയും വരും. കോൺഗ്രസുമായി ആരോഗ്യകരമായ ചർച്ചകളാണ് നടക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തും. തിരുവമ്പാടി സീറ്റ് വച്ചുമാറുന്ന് അടക്കം വരുംദിവസങ്ങളിൽ തീരുമാനമാവും. പരസ്പരം യാതൊരു ഏറ്റുമുട്ടലുമില്ലാതെ സ്ഥാനാർത്ഥികൾ വരും. പ്രഖ്യാപിക്കുന്നവരെല്ലാം ജയിച്ചു കയറുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY